കുതിരാൻ മേഖലയിൽ പവ്വർഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിളിടുന്നതിന്റെ ട്രയൽ റൺ നടക്കുന്നതിനാൽ നാളെ മുതൽ രണ്ട് ദിവസം രാവിലെ അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെ കുതിരാനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല. ഏറണാകുളം-തൃശൂർ ഭാഗത്തേക്ക് നിന്നും കുതിരാൻ വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. 7 മണി മുതൽ കുതിരാനിലൂടെ തൃശൂർ ഭാഗത്ത് നിന്ന് വാഹനങ്ങൾ കടത്തി വിടില്ല. അതിനാൽ ഏറണാകുളം-അങ്കമാലി ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് രാവിലെ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ബാധകമാണ്. 12 ടണ്ണം അതിലധികവുമുളള ആറ് ചക്രവാഹനങ്ങൾ, കെഎസ്ആർടിസി, സ്വകാര്യ ആംബുലൻസ് പോലുളള അടിയന്തിര വാഹനങ്ങൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല. എറണാകുളം, അങ്കമാലി ഭാഗത്ത് നിന്ന് തൃശൂർ ടൗൺ വഴി കോഴിക്കോട്, ഷൊർണ്ണൂർ, ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന വാഹങ്ങളേയും ഗതാഗത നിയന്ത്രണം ബാധിക്കില്ല.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കം രണ്ടു ദിവസം ഭാഗികമായി തുറക്കും. പാലക്കാട് ഭാഗത്ത് നിന്നുളള ഭാരവാഹനങ്ങളാണ് ഇതു വഴി കടത്തി വിടുക. തുരങ്കത്തിലെ വെളിച്ച-വായു നിയന്ത്രണസംവിധാനങ്ങൾ പ്രവർത്തനക്ഷമമായതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ തുരങ്കത്തിലെ നിർമ്മാണ പ്രവൃത്തികൾ നേരിട്ടെത്തി വിലയിരുത്തി. തുടർന്നാണ് സർക്കാരിന് നേരത്തെ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തുരങ്കം തൽക്കാലം ഭാഗികമായി തുറക്കാൻ തീരുമാനിച്ചത്.
ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനുളള ലോറി ഉടമ പ്രതിനിധികളുടെ പ്രത്യേക യോഗം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ ചേർന്നു. കുതിരാൻ പാതയിലെ ഇടത് സൈഡ് വാൾ ബലപ്പെടുത്തുക, വലത് ഭാഗത്ത് അറ്റകുറ്റപണി നടത്തിയ ഭാഗം ബലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ അവർ ഉന്നയിച്ചു. നിലവിൽ പവ്വർഗ്രിഡ് കേബിൾ സ്ഥാപിച്ച ഭാഗങ്ങളിലെ സൈഡ് വാൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിച്ചതെന്നും ആശങ്കവേണ്ടെന്നും പവ്വർ ഗ്രിഡ് കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ പി ജയചന്ദ്രൻ പറഞ്ഞു. അഥവാ റോഡിന് തകരാറുണ്ടായാൽ അവ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഗതാഗത നിയന്ത്രണത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. ജനുവരി 28, 29 കളിലെ ട്രയൽ റണ്ണിന്റെ അടിസ്ഥാനത്തിൽ 15 ദിവസം വീതം രണ്ടു ഘട്ടമായാണ് കേബിളിടൽ നടക്കുക. ആ ദിവസങ്ങളിലേക്ക് കുതിരാൻ തുരങ്കം തുറക്കുന്നതടക്കമുളള ബദൽ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഗതാഗത നിയന്ത്രണത്തിനുളള എല്ലാവിധ സഹകരണവും ലോറി ഉടമ സംഘടനപ്രതിനിധികൾ ഉറപ്പ് നൽകി. യോഗത്തിൽ ജില്ലാ കളക്ടർക്ക് പുറമേ ഡെപ്യൂട്ടി കളക്ടർ (ഡിഎം) ഡോ. എം സി റെജിൽ, തൃശൂർ ആർടിഒ ആർ രാജീവ്, പവ്വർ ഗ്രിഡ് ചീഫ് ജനറൽ മാനേജർ പി ജയചന്ദ്രൻ, ജനറൽ മാനേജർ എസ് മോഹൻകുമാർ, ഡിജിഎം അജിത്ത് ജോൺ, എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയർ അർജുൻ ബിനോയ്, മറ്റ് ഉദ്യോഗസ്ഥർ, ലോറി ഉടമ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Post Your Comments