KeralaLatest NewsNews

കുതിരാന്‍ തുരങ്കത്തിന് സമീപം വിള്ളല്‍: കരാറുകാരുടെ ചെലവില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വിള്ളല്‍ കണ്ടെത്തിയ പ്രദേശം കരാറുകാരുടെ ചെലവില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിള്ളലുണ്ടായ ഭാഗത്ത് ടാറിംഗ് നടത്തിയതു കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് നിര്‍ദേശം.

മഴക്കാലം പരിഗണിച്ച് വിള്ളലുകള്‍ അധികമാവാതിരിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം. പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന നിലയില്‍ ശക്തമായ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിന് ഇതിനകം അംഗീകാരം ലഭിച്ച 1.35 കോടി രൂപയുടെ പ്രവൃത്തി നാലു മാസത്തിനകം പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. അതുവരെ വിള്ളലുണ്ടായ ഭാഗത്ത് ഓരോ ലെയിന്‍ വഴി മാത്രം വാഹനങ്ങള്‍ കടത്തിവിടും.

നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതു വരെ കരാര്‍ കമ്പനിയുടെ ഒരു മെയിന്റനന്‍സ് സംഘത്തെ പ്രദേശത്ത് മുഴുവന്‍ സമയവും നിയോഗിക്കണം. എല്ലാ സാങ്കേതിക സംവിധാനങ്ങളും അടങ്ങിയ ഈ സംഘത്തിന്റെ സേവനം പ്രദേശത്ത് ഉറപ്പാക്കണം. നിലവിലെ റോഡ് നിര്‍മാണത്തിലെ അപാകം സംബന്ധിച്ച് റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐഐടി, മോട്ടോര്‍ വാഹന വകുപ്പ് എന്നിവ സമര്‍പ്പിച്ച സംയുക്ത റിപ്പോര്‍ട്ടില്‍ പ്രവൃത്തികള്‍ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ പൂര്‍ണമായി പരിഹരിച്ചുവേണം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍. കരാര്‍ കമ്പനിയുടെ ചെലവില്‍ തന്നെ തകര്‍ന്ന റോഡ് പുനര്‍നിര്‍മാണം ശാസ്ത്രീയവും സമഗ്രവുമായ രീതിയില്‍ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ മന്ത്രി, ടിഎന്‍ പ്രതാപന്‍ എംപി, ജില്ലാ കലക്ടര്‍ വിആര്‍ കൃഷ്ണ തേജ, റോഡ് സേഫ്റ്റി കമ്മീഷണര്‍ എസ് ശ്രീജിത്ത്, സിറ്റി പോലിസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button