ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ഇന്ദിര ജെയ്‌സിങ്ങും. പ്രക്ഷോഭത്തിന് സാമ്പത്തിക സഹായം നല്‍കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകര്‍ പണം വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണിത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍നിന്ന് തനിക്ക് പണം കൈമാറിയിട്ടുണ്ടെന്ന് സിബല്‍ സമ്മതിച്ചു. എന്നാല്‍, അത് ഹാദിയ കേസില്‍ ഹാജരായതിന്റെ വക്കീല്‍ ഫീസായ 77 ലക്ഷം രൂപയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
2017 ഓഗസ്റ്റ് നാലിനും 2018 മാര്‍ച്ച് എട്ടിനുമാണ് പണം കൈമാറിയത്. 2018 മാര്‍ച്ചിന് മുമ്പായി മുഴുവന്‍ തുകയും ലഭിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. അതിനിടെ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍നിന്ന് ഒരുകാലത്തും പണം വാങ്ങിയിട്ടില്ലെന്ന് ഇന്ദിര ജെയ്‌സിങ് വ്യക്തമാക്കി. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ പണം വാങ്ങിയെന്ന ആരോപണം അവര്‍ നിഷേധിച്ചു.പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തിന് കേരളത്തിലെ പോപ്പുലര്‍ പ്രണ്ട് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായം ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു.
മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഇന്ദിര ജെയ്‌സിങ് എന്നിവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പണം നല്‍കിയെന്നും ചില റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ 2017 ലെ ഹാദിയ കേസില്‍ ഹാജരായ അഭിഭാഷകര്‍ക്കാണ് പണം നല്‍കിയതെന്നാണ് അവര്‍ വിശദീകരിക്കുന്നത്.
Post Your Comments