KeralaLatest NewsNews

ചൂട് കൂടുന്നു, പാമ്പ് ശല്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് ചൂട് കൂടുന്നതിന് പിന്നാലെ പാമ്പുകള്‍ മാളം വിട്ട് ജനവാസമേഖലകളിലേക്ക്. വനമേഖലയ്ക്ക് പുറത്ത് നാട്ടിന്‍പുറങ്ങളിലാണ് പാമ്പ് ശല്യം ചൂട് ഏറിയതിന് പിന്നാലെ വര്‍ദ്ധിച്ചിരിക്കുന്നത്. പ്രശസ്ത പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷ് ഇത് സംബന്ധിച്ച് നല്‍കുന്ന വിവരങ്ങള്‍ ഇവയാണ്.

നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂര്‍ഖന്‍ പാമ്പുകള്‍ ഇണ ചേരുന്ന സമയം. ഈ സമയത്ത് പാമ്പുകള്‍ വ്യാപകമായി ജനവാസമേഖലകളിലേക്ക് എത്തുന്നതായി കാണാറുണ്ട്. ഫെബ്രുവരി മാസത്തിലാണ് അണലി മുട്ടയിടുന്നത്. തണുപ്പ് ലഭിക്കുന്ന പ്രദേശങ്ങളിലേക്കാണ് ഇവ മുട്ടയിടാനായി എത്തുക. ഇക്കാരണത്താലാണ് ഈ മാസങ്ങളില്‍ ജനവാസ മേഖലകളില്‍ പാമ്പ് ശല്യം രൂക്ഷമാകുന്നതെന്നും വാവ സുരേഷ് പറയുന്നു.

ചൂട് കൂടുതലായതിനാല്‍ ചപ്പ് ചവറുകള്‍ കൂടിക്കിടക്കുന്ന സ്ഥലത്താണ് ഇവ തണുപ്പ് തേടി എത്തുന്നത്. ഇക്കാരണത്താല്‍ ഒരു കാരണവശാലും ചപ്പുചവറുകള്‍ വീട്ടിന് സമീപം കൂട്ടിയിടാന്‍ പാടില്ല. വെള്ളം തേടിയാണ് ഇവ അടുക്കള ഭാഗം പോലെ നനവുള്ള പ്രദേശത്തേക്ക് എത്തുന്നത്. വെള്ളം ഉള്ള ഭാഗങ്ങളിലാണ് ഇവ കൂടുതലായി എത്തുന്നതും. വീടിന്റെ പരിസരം വൃത്തിയാക്കി ഇടുന്നതാണ് ഏറ്റവും പ്രധാനം. തണുപ്പ് കിട്ടുന്ന ഒന്നും വീടിന് സമീപത്ത് കൂട്ടി വയ്ക്കരുത്. രാത്രിയില്‍ വരാന്തയില്‍ വച്ചിരിക്കുന്ന ഷൂ പോലുള്ളവ എടുത്ത് ധരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

രാത്രി വീട്ടില്‍ ഇരുട്ടത്ത് നടക്കുമ്പോള്‍ ഉറച്ച കാലടികളോടെ വേണം നടക്കാന്‍. ശബ്ദം കേട്ടാല്‍ പാമ്പുകള്‍ അവിടെ നിന്ന് മാറിപ്പോകും. കുറ്റിക്കാടുകള്‍, പുല്ലുകള്‍ വളര്‍ന്ന് നില്‍ക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ ഒരിക്കലും വണ്ടി പാര്‍ക്ക് ചെയ്യരുത്. ഇരു ചക്രവാഹനങ്ങള്‍ പ്രത്യേകിച്ച്. ഹെല്‍മറ്റും, ബൈക്കും, ജാക്കറ്റുമെല്ലാം നന്നായി പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ.

മൂന്നാഴ്ച ഇടവിട്ട് രാത്രി വീടിന് ചുറ്റും പെട്രോളോ, ഡീസലോ, മണ്ണെണ്ണയോ വെള്ളവുമായി കലര്‍ത്തി സ്‌പ്രേ ചെയ്യുന്നത് നല്ലതാണെന്നാണ് പാമ്പുകളില്‍ നിന്ന് രക്ഷനേടാന്‍ വാവ സുരേഷ് മുന്നോട്ട് വയ്ക്കുന്ന മാര്‍ഗ്ഗം.

വാതിലിന് അടുത്തും വരാന്തയിലും വീടില്‍ നിന്ന് മാറിയുള്ള ബാത്ത റൂമിന് സമീപത്തുമൊക്കെയാണ് ഇവ സ്‌പ്രേ ചെയ്യേണ്ടത്. തൊണ്ണൂറ് ശതമാനം വെള്ളത്തിലാണ് ഇത് മിക്‌സ് ചെയ്യേണ്ടത്. ഭക്ഷണം തേടി വരുന്ന പാമ്പുകള്‍ ഇരയെ കണ്ടെത്തുന്നത് നാവുകൊണ്ടാണ്. ഇത്തരത്തില്‍ ഈ മിശ്രിതത്തില്‍ നാവ് തട്ടിയാല്‍ പാമ്പ് ഇവിടെ നിന്ന് പെട്ടെന്ന് പോകുമെന്നും വാവ സുരേഷ് പറയുന്നു. ഒരു പരിധി വരെ പാമ്പുകളെ മാറ്റി നിര്‍ത്താന്‍ ഇത് സഹായകമാവും. .

shortlink

Related Articles

Post Your Comments

Related Articles


Back to top button