
കാക്കനാട്: ജനാധിപത്യ വ്യവസ്ഥിതിയുടെ അടിത്തറ മതേതരത്വമാണെന്നും അത് കാത്തുസൂക്ഷിക്കാന്‍ പുതിയ തലമുറ പ്രതിജ്ഞാബദ്ധമാണെന്നും തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി എ.സി.മൊയ്തീന്‍. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വവും സ്വാതന്ത്ര്യവും സമത്വവും നീതിയും തുല്യതയും പ്രദാനം ചെയ്യുന്ന ഒരു ഭരണഘടന അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ നാട് മുന്നോട്ടുപോയത്. ഇത്രയേറെ വ്യത്യസ്തമായ ഭാഷയും സംസ്‌കാരവുമുള്ള ജനവിഭാഗങ്ങള്‍ ലോകത്തുണ്ടാവില്ല. ഈ ബഹുസ്വരതയാണ് നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അടിസ്ഥാനം. വ്യത്യസ്ത മതവും ഭാഷയും ദേശവും ഒക്കെ ഉള്ള നമ്മുടെ നാട്ടില്‍ ഈ ബഹുസ്വരതയെ എല്ലാം സ്വാംശീകരിക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യയുടെ നേട്ടം. ഒരു മതവും മറ്റൊന്നിനെ ചെറുതായി കാണുന്നില്ല. നമ്മുടെ ഭരണഘടന പലതുകൊണ്ടും പ്രസക്തമാണ്. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് പരമാധികാര രാഷ്ട്രം എന്ന ആശയം നമ്മള്‍ മുന്നോട്ടുവെച്ചു. ലോകരാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ വളരെ അഭിമാനകരമായ സ്ഥാനം നമ്മുടെ നാട് നേടിക്കഴിഞ്ഞു. വൈദേശികാധിപത്യത്തിനെതിരെ പോരാടുന്നതോടൊപ്പം ജാതിശ്രേണീബദ്ധമായ അവസ്ഥയില്‍നിന്നു മാറി ജനങ്ങളുടെ ത്യാഗനിര്‍ഭരമായ ഒരുമയിലൂടെയാണ് ഇതു സാധ്യമായത്. അതു സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read also: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല
ഭരണഘടന നിലവില്‍ വന്ന് ഏഴു പതിറ്റാണ്ടിനിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ ലോകത്തിനു മുന്നില്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കിയ രാജ്യം തന്നെയാണ് ഇന്ത്യ. നമ്മള്‍ ഒന്നാണ് എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകേണ്ട പ്രത്യേക സാഹചര്യമാണ് ഇപ്പോഴുള്ളത്. നമ്മള്‍ ഇന്ത്യക്കാര്‍ എന്നു പറഞ്ഞാണ് ഭരണഘടന തുടങ്ങുന്നതു തന്നെ. ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്നല്ല. നമ്മള്‍ എന്നത് ഞങ്ങള്‍ എന്നാവുമ്പോള്‍ ഏറെ അര്‍ത്ഥവ്യത്യാസം വരും.
മതം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്റെ മതമാണ് വലുത് എന്നാകുമ്പോള്‍ അത് വര്‍ഗീയതയായി മാറുന്നു. തുല്യത നിഷേധിക്കപ്പെട്ടാല്‍ നീതി നിഷേധിക്കപ്പെടുന്നു എന്നാണര്‍ത്ഥം. ഈ നാടിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച നാടാണ് കേരളം. രാജ്യത്തിന്റെ വളര്‍ച്ചയില്‍ മുന്‍പന്തിയില്‍ നടക്കാന്‍ കേരളത്തിനു കഴിഞ്ഞു. കേരളം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ മൂല്യങ്ങളും നവോത്ഥാനമൂല്യങ്ങളും നിരവധിയാണ്. ഭാവി കേരളത്തിന്റെ നിര്‍മിതിക്കും മുന്നോട്ടുപോക്കിനും ഈ മതനിരപേക്ഷ മനോഭാവം കൂടിയേതീരൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments