Latest NewsKeralaNews

കുട്ടികളെ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കി വളർത്തണം;വീഴ്ചകളിൽ തളരാത്ത ഒരു തലമുറയെ വാർത്തെടുക്കാൻ അതിലൂടെ കഴിയും, ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നന്ദു മഹാദേവ

കുട്ടികളെ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കി വളർത്തണമെന്ന് വ്യക്തമാക്കി ക്യാൻസറിനെ തോൽപ്പിച്ച് മുന്നേറുന്ന നന്ദു മഹാദേവയുടെ കുറിപ്പ്. സ്വപ്നങ്ങളെ പിന്തുടരുമ്പോൾ വഴിയിൽ നമ്മൾ ചിലപ്പോൾ കുഴഞ്ഞു വീണേക്കാം. പക്ഷെ നമ്മൾ മുന്നോട്ട് തന്നെ നീങ്ങണം. കുഴഞ്ഞു വീണാലും ഇഴഞ്ഞു നീങ്ങണം അത് മുന്നോട്ട് തന്നെയായിരിക്കണമെന്നും നന്ദു ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. എന്റെ ജീവിതം ഒരു വിജയം തന്നെയാണ്. ഈ അർബുദം എന്ന പ്രതിസന്ധിയെയും ചവിട്ടി മെതിച്ചു തന്നെ ഞാൻ മുന്നോട്ട് പോകുമെന്നും നന്ദു പറയുന്നു.

Read also: തമിഴ്നാട്ടിലും പി.എസ‍്.സി പരീക്ഷാതട്ടിപ്പ് ; മഷി മായുന്ന പേന ഉപയോഗിച്ച്‌ നടന്ന തട്ടിപ്പില്‍ 36 പേര്‍ റാങ്ക് ലിസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അങ്ങനെ മൂന്നാമത്തെ കീമോയും കഴിഞ്ഞു !!
ഇടയ്ക്ക് ആരോടും പറയാതെ ഒന്ന് ICU വിൽ ഒക്കെ പോയി വന്നു !!
ഇപ്പോൾ ഉഷാറാണ് !!

ഈ ആത്മവിശ്വാസവും പക്വതയും ഒക്കെ ക്യാൻസർ വന്ന ശേഷം പെട്ടെന്നുണ്ടായതാണോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്..!!

സത്യത്തിൽ പിന്നിട്ട് വന്ന പ്രതിസന്ധികളിൽ ഒന്നു മാത്രമാണ് ക്യാൻസർ..!

ഈ മനോഹരമായ ഭൂമിയിലേക്ക് ജനിക്കുന്നതിനു മുമ്പ് തന്നെ എന്റെ ജീവിതത്തിൽ യുദ്ധങ്ങൾ ആരംഭിച്ചിരുന്നു..!!

‘അമ്മ എന്നെ പ്രഗ്നൻറ് ആയിരിക്കുന്ന സമയത്ത് ഞാൻ എന്ന കുട്ടിയെ കിട്ടാൻ ഒരു സാധ്യതയും ഇല്ലെന്നു ഡോക്ടർമാർ വിധിയെഴുതി..
ഒടുവിൽ 18 ഓളം ഇഞ്ചക്ഷൻ നൽകി അബോർഷൻ ആകാതെ ഞാൻ ജനിച്ചു..

എനിക്ക് ജന്മനാ വികലാംഗത ഉണ്ടാകുമെന്നു പറഞ്ഞ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു എന്റെ ജനനം..
അപ്പോഴും മുന്നിൽ പ്രതിസന്ധി..
കേവലം 900 gm മാത്രമായിരുന്നു എന്റെ ശരീരഭാരം..!!
അതിനെയൊക്കെ അതിജീവിച്ചു ഞാൻ വളർന്നു..!!

ഇതിനിടയിൽ കുട്ടിക്കാലത്തു രണ്ടോളം പ്രാവശ്യം എന്നെ പാമ്പ് കടിച്ചു..
കരിന്തേൾ കടിച്ചു..
പക്ഷെ ഞാൻ അത്ഭുതകരമായി തന്നെ രക്ഷപ്പെട്ടു..!!

ഞങ്ങടെ കുട്ടിക്കാലമൊക്കെ വല്ലാത്ത ദാരിദ്ര്യം ആയിരുന്നു !!
ഒരു ജോഡി ഡ്രസ്സൊക്കെ കിട്ടുന്നത് ഒരുത്സവം പോലെയായിരുന്നു..!!
പട്ടിണി മാറ്റാൻ പലതരം ജോലികൾ ചെയ്തു..!

കുട്ടിക്കാലത്ത് ഉണ്ണിയപ്പവും എണ്ണപ്പലഹാരങ്ങളും ഒക്കെ വീട്ടിൽ ഉണ്ടാക്കി വീടുകൾ തോറും കൊണ്ടു പോയി കൊടുക്കുമായിരുന്നു..
അങ്ങനെ അമ്മയോടൊപ്പം പോയി എന്റെ തൊഴിൽ ജീവിതം ആരംഭിച്ചു..!!
കിലോമീറ്ററുകളോളം ഞാനും അമ്മയും നടക്കുന്നത് ഇന്നും എനിക്കോർമ്മയുണ്ട്..!

അതൊക്കെ കഴിഞ്ഞ് ‘അമ്മ വളക്കച്ചവടം തുടങ്ങി..
അപ്പോഴും ഞാനും അമ്മയും കൂടി വളയൊക്കെ കൊണ്ട് ഒരുപാട് സ്ഥലങ്ങളിൽ പോയി കച്ചവടം ചെയ്തു..
7 km വരെ വളയും ഫാൻസി സാധനങ്ങളും തലയിൽ ചുമന്നു നടന്ന് പോയിട്ടുണ്ട് ഞങ്ങൾ !!

പതിനഞ്ചാമത്തെ വയസ്സിൽ ഓട്ടോ ഓടാൻ സ്റ്റാൻഡിൽ ഇറങ്ങി..!

പിന്നെ കുറെ നാൾ മീൻ വണ്ടി ഓടിക്കാൻ പോയി..!

വെൽഡിങ് ജോലികൾക്ക് പോയിട്ടുണ്ട്…!
അങ്ങനെ വെൽഡിങ് പഠിച്ചു..

പിന്നെ പെയിന്റിങ്ങിന് പോയി പെയിന്റിങ് പഠിച്ചു..!!

തട്ടിന്റെ പണിക്ക് പോയിട്ടുണ്ട്..!!

പലപ്പോഴും ദൈവം പറമ്പിലെ വാഴക്കുലയുടെ രൂപത്തിൽ വന്ന് പൂർണ്ണ പട്ടിണിയിൽ നിന്ന് ഞങ്ങളെ രക്ഷിച്ചിട്ടുണ്ട്..!!

കുറെ നാൾ വർക്കപ്പണിക്ക് കയ്യാൾ ആയി പോയി..!!
കോൺക്രീറ്റിന് പോയിട്ട് കൈ അടർന്നു പോയ അടയാളം ഈ ഇടക്കാലം വരെ കയ്യിൽ ഉണ്ടായിരുന്നു..!!

അതു കഴിഞ്ഞ് ഒരു ഹോട്ടലിൽ ഹൗസ് കീപ്പിംഗിൽ ജോലി ചെയ്ത് അതേ ഹോട്ടലിൽ തന്നെ ബില്ലിങ്ങിലും അക്കൗണ്ട് സെക്ഷനിലും കിച്ചൻ സൂപ്പർവൈസർ ആയും വരെ ജോലി നോക്കാൻ കഴിഞ്ഞിട്ടുണ്ട്..!!
ഹൗസ് കീപ്പിംഗ് എന്നു പറഞ്ഞാൽ കക്കൂസ് വരെ കഴുകണം..!!

അത് കഴിഞ്ഞു വേറൊരു പ്രമുഖ ഹോട്ടലിൽ റൂം സർവ്വീസ് ജോലിക്ക് കയറി അതേ ഹോട്ടലിൽ തന്നെ റിസപ്ഷനിസ്റ്റ് ആയും ഒടുവിൽ റിസപ്ഷൻ മാനേജർ ആയും ജോലി ചെയ്തിട്ടുണ്ട്..
അത് കഴിഞ്ഞു കുറെ നാൾ തമിഴ്നാട്ടിൽ കാർ ഡ്രൈവർ ആയി ജോലി ചെയ്തു..!!

തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലിൽ waiter ആയി ജോലി ചെയ്തിട്ടുണ്ട്..!!
പിന്നീട് എൻജിനീയറിങ് പഠിക്കുന്ന സമയത്ത് ചിലവിനായി ഒഴിവ് സമയങ്ങളിൽ ബസ് കഴുകി പണം കണ്ടെത്തിയിട്ടുണ്ട്…!!

പിന്നെ ടൂറിസ്റ്റ് ഗൈഡ് ആയി ജോലി ചെയ്തിട്ടുണ്ട്..
കുറെ നാൾ ഫിലിം ഇൻഡസ്ട്രിയിൽ പ്രൊഡക്ഷനിൽ ജോലി ചെയ്തിട്ടുണ്ട്..
കല്യാണ പാചകങ്ങൾക്ക് പോയിട്ടുണ്ട്..
ദീപാവലിക്ക് പടക്കം കച്ചവടത്തിന് പോയിട്ടുണ്ട്..
ഹോട്ടലിൽ waiter ആയി കുറേ നാൾ..
ഫുട്പാത്തിൽ തുണി കച്ചവടം ചെയ്തു കുറെ നാൾ..
ഫുഡ് കമ്പനിയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്തിട്ടുണ്ട്..

എന്തിനേറെ പറയുന്നു റോഡ് ടാറിംഗ് പണിക്കു വരെ പോയിട്ടുണ്ട്..

ഒപ്പം പഠിച്ചവർ , പഠിപ്പിച്ചവർ ഒക്കെ പോകുമ്പോൾ മുഖം മറച്ചു നിന്ന്…!!!!

ഇതിൽ പല ജോലികൾക്കും വീട്ടുകാർ പോലും അറിയാതെ രഹസ്യമായിട്ടാണ് പോയത്..!!
ലക്ഷ്യം സ്വന്തം കാലിൽ നിൽക്കുക , പഠിക്കുക എന്നതായിരുന്നു..
അതുകൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രേ ഇതൊക്കെ അറിയൂ..

ഇതുമല്ലാതെ വേറെയും പ്രതിസന്ധികൾ..

മൂന്ന് നാല് പ്രാവശ്യം വലിയ വാഹനാപകടം ഉണ്ടായി..!!
ഒരുപാട് തവണ മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്..!
ഇതിനിടയിൽ നാലോളം തവണ പഠനം മുടങ്ങിയെങ്കിലും ഞാൻ തോൽക്കാതെ വീണ്ടും വീണ്ടും തുടർന്നു..!!

ഒടുവിലാണ് പാർട്ണർ ഷിപ്പിൽ ഒരു കാറ്ററിങ് യൂണിറ്റ് തുടങ്ങിയത്..അവിടെയും ചോര നീരാക്കി തന്നെയാണ് കഷ്ടപ്പെട്ടത്..പാർട്ണർ ഷിപ്പിലെ പ്രശ്നങ്ങൾ കാരണം അതൊക്കെ നിർത്തി..!!
കൂടിപ്പിറപ്പുകളായി ചേർന്ന് നിന്ന ഞങ്ങൾ 4 പേർ പെട്ടെന്ന് പിരിഞ്ഞത് വല്ലാത്ത ആഘാതം സമ്മാനിച്ചു..!

അതും കഴിഞ്ഞു സ്വന്തമായി ബിസിനസ്സ് തുടങ്ങിയപ്പോഴാണ് സുഖമില്ലാതെ ആകുന്നത്..
പിന്നീടിങ്ങോട്ട് എല്ലാവർക്കും അറിയുന്ന കഥയാണ് !!

ഇത്രയും പറയുമ്പോ വിചാരിക്കും പഠനത്തിൽ മോശം ആയത് കൊണ്ടാണ് ജോലിക്ക് പ്രാധാന്യം നൽകിയതെന്ന്..

ചെറുപ്പം മുതലേ പഠിച്ച എല്ലാ ക്ലാസ്സിലും പഠനത്തിൽ മുമ്പിൽ ആയിരുന്നു..2009 ഇൽ എന്റെ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയാണ് SSLC പൂർത്തിയാക്കിയത്…പല പ്രതിസന്ധികളും ഉണ്ടായെങ്കിലും തുടർന്നിങ്ങോട്ടും അങ്ങനെ തന്നെയാണ്…!!

പരീക്ഷയ്ക്ക് എന്റെ പേപ്പർ കണ്ടെഴുതിയ കൂട്ടുകാർ പുതിയ ഷൂ ഒക്കെയിട്ട് എൻജിനീയറിങ്ങിന് പോകുമ്പോൾ ഞാൻ മറുവശത്ത് സേഫ്റ്റി ഷൂ ഒക്കെയിട്ട് റോഡ് ടാറിംഗ് ചെയ്യുകയായിരുന്നു !!

അങ്ങനെ 25 വയസ്സായപ്പോ 75 വയസ്സിന്റെ അനുഭവങ്ങൾ കൂട്ടിനുണ്ട്..

അത്രയും തന്നെ പക്വതയും..!!

ഇങ്ങനെ ജീവിതാനുഭവങ്ങൾ ഉള്ളത് കൊണ്ടാണ് എന്തിനെയും നേരിടാനുള്ള മനസ്സ് കിട്ടിയത്…
കുഞ്ഞു നാളുകളിൽ ഒത്തിരി കരഞ്ഞിട്ടാണ് ഇപ്പോൾ വേദനകളിൽ കരയാതെ പുഞ്ചിരിക്കാൻ കഴിയുന്നത്..
അല്ലാതെ ഒരു അസുഖം വന്നപ്പോൾ പെട്ടെന്ന് വന്നതല്ല..!!

അതുകൊണ്ടു തന്നെ എന്റെ ജീവിതം ഒരു വിജയം തന്നെയാണ്..
ഈ അർബുദം എന്ന പ്രതിസന്ധിയെയും ചവിട്ടി മെതിച്ചു തന്നെ ഞാൻ മുന്നോട്ട് പോകും !!

നമ്മളെല്ലാം നമ്മുടെ കുട്ടികളെ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ മനസ്സിലാക്കി തന്നെ വളർത്തണം..
അപ്പോഴാണ് വീഴ്ചകളിൽ
തളരാത്ത ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയുക..!!

പ്രതിസന്ധികളെ നോക്കി വെല്ലുവിളിക്കുന്ന ഒരു തലമുറ !!

പരാജയങ്ങളിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചു ചാടുന്ന ഒരു തലമുറ !!

സ്വപ്നങ്ങളെ പിന്തുടരുമ്പോൾ വഴിയിൽ നമ്മൾ ചിലപ്പോൾ
കുഴഞ്ഞു വീണേക്കാം..
പക്ഷെ നമ്മൾ മുന്നോട്ട് തന്നെ നീങ്ങണം..!!

കുഴഞ്ഞു വീണാലും..
ഇഴഞ്ഞു നീങ്ങണം..!!
അത് മുന്നോട്ട് തന്നെയായിരിക്കണം..!!

അന്നും ഇന്നും എന്നും ഒപ്പം നിന്ന ചങ്കുകളാണ് എന്റെ ഊർജ്ജം !!

shortlink

Related Articles

Post Your Comments

Related Articles


Back to top button