കോട്ടയം : കെ.എം. മാണിക്ക് ഇ.എം.എസ്. വച്ചുനീട്ടിയ മുഖ്യമന്ത്രിപദം തട്ടിത്തെറിപ്പിച്ചത് പി.ജെ. ജോസഫാണെന്ന ആരോപണവുമായി ജോസ് കെ. മാണി വിഭാഗത്തിന്റെ മുഖപത്രമായ പ്രതിഛായ. പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ ആരോപണമുള്ളത്.പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി പദവി രാജിവച്ചതിനെത്തുടര്‍ന്ന് ഇ.എം.എസിന്റെ നേതൃത്വത്തില്‍ ഇടത് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് കെ.എം. മാണിയെ സംയുക്‌ത നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിന് തീരുമാനിച്ചു.
അത് തീരുമാനമാകണമെങ്കില്‍ എ.കെ. ആന്റണി വിഭാഗത്തിന്റെ കത്ത് ഗവര്‍ണര്‍ക്കു നല്‍കണമായിരുന്നു. ആ കത്ത് ആന്റണി നല്‍കുന്നതിനു വൈകിപ്പിച്ചത് പി.ജെ. ജോസഫായിരുന്നെന്നു ലേഖനത്തില്‍ ആരോപിക്കുന്നു. കത്തു ലഭിക്കാന്‍ താമസിച്ചതുകൊണ്ട് ഗവര്‍ണര്‍ നിയമസഭ പിരിച്ചു വിട്ടു.പി.ജെ. ജോസഫ് സമ്മതിച്ചിരുന്നെങ്കില്‍ 1964-ല്‍ ഉണ്ടായ കേരള കോണ്‍ഗ്രസിന് 13 വര്‍ഷത്തിനുശേഷം മുഖ്യമന്ത്രി പദത്തിലേറാന്‍ കഴിയുമായിരുന്നു.
കെ.എം. മാണി മുഖ്യമന്തിയാകുമായിരുന്നു. മറ്റ് സംസ്‌ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ ഭരിക്കുന്നതുപോലെ കേരളത്തില്‍ കേരള കോണ്‍ഗ്രസ് ഭരിക്കുമായിരുന്നു. അതിനു തടസം നിന്നത് പി.ജെ. ജോസഫായിരുന്നുവെന്നാണ് പ്രതിഛായയിലെ പരാമര്‍ശം. പി.ജെ. ജോസഫ് വഞ്ചനയുടെ ചരിത്രം ആവര്‍ത്തിക്കുന്നുവെന്നാണ് പ്രധാന പരാമര്‍ശം. ഉയിരു നല്‍കിയവര്‍ക്ക് ഉദകക്രിയ ചെയ്യുന്ന വിചിത്ര നടപടിയാണ് ജോസഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
തന്റെ രാഷ്‌ട്രീയ ജീവിതത്തിലുടനീളം തനിക്കു ലഭിച്ച സ്‌നേഹവും അനുകമ്ബയും മുന്‍നിര്‍ത്തി കെ. എം. മാണിയുടെ മകനായ ജോസ് കെ. മാണിയെ പുത്രതുല്യനായി കൊണ്ടുനടക്കേണ്ടതിനു പകരം ജോസഫ് തന്റെ അധികാര മോഹങ്ങള്‍ക്കു വേണ്ടി ആരെയും ബലികൊടുക്കാന്‍ തയാറാണെന്നു തെളിയിച്ചുകൊണ്ടിരിക്കുകയാണ് എന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments