മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം മുട്ടിച്ച വളാഞ്ചേരി ചെറുകുന്ന് കോളനിവാസികള്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന് പരാതി നല്‍കി. ഇവർക്ക് കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കലക്ടര്‍ അറിയിച്ചു. ചില മാധ്യമങ്ങള്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വാര്‍ത്തകള്‍ നല്‍കുന്നതെന്ന് കോളനിവാസികള്‍ പറഞ്ഞു. ചെറുകുന്ന് കോളനിയിലെ 20ഓളം കുടുംബങ്ങളാണ് മലപ്പുറം കലക്ടര്‍ ജാഫര്‍ മാലിക്കിനെ കാണാന്‍ എത്തിയത്. കലക്ടര്‍ക്ക് മുമ്ബില്‍ അവര്‍ പരാതികള്‍ എല്ലാം വിശദമാക്കി.
പൗരത്വ ബില്ലിനെ അനുകൂലിച്ചത് കൊണ്ടാണ് അയല്‍വാസിക്ക് കുടിവെള്ളം തരുന്നത് നിര്‍ത്തേണ്ടി വന്നത് എന്നും കലക്ടറോട് പറഞ്ഞു. പൗരത്വ ബില്ലിനെ അനുകൂലിക്കാത്തവർക്കും അനുകൂലിച്ചുള്ള യോഗത്തിൽ പങ്കെടുക്കാത്തവർക്കും വെള്ളം തരാമെന്നു പറഞ്ഞതായും ഇവർ പറയുന്നു. അതേസമയം, കോളനിവാസികള്‍ ചില മാദ്ധ്യമങ്ങള്‍ക്ക് എതിരെ പ്രതിഷേധിച്ചു. തങ്ങള്‍ പറയുന്നത് മാദ്ധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നില്ല. തങ്ങള്‍ നുണ പറയുന്ന രീതിയിലാണ് മലയാളത്തിലെ ചില മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത് എന്നും കോളനി വാസികള്‍ പറഞ്ഞു.
പ്രശ്‌നം ശ്രദ്ധയില്‍ പ്പെട്ടിരുന്നതായും കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിച്ചതായും കലക്ടര്‍ അറിയിച്ചു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് നേരിട്ടും സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുമുള്ള വിദ്വേഷ പ്രചാരണത്തിന് എതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം ചെറുകുന്ന് പട്ടികജാതി കോളനിവാസികളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ നീതിനിഷേധമാണ് കാണിച്ചതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു .ചെറുകുന്ന് കോളനിവാസികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവഗണിക്കപ്പെട്ട സമൂഹത്തിന് കുടിവെള്ളമെത്തിച്ചവര്‍ക്കെതിരെയും അതിനെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ പ്രതികരിച്ച എം.പിക്കെതിരെയും കേസെടുത്ത പൊലീസ് കുടിവെള്ളം നിഷേധിച്ച മതഭ്രാന്തന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്നു. ഈ പ്രശ്നത്തെ വളച്ചൊടിക്കാനാണ് സര്‍ക്കാറും ശ്രമിക്കുന്നത്. കുറച്ച് ദിവസങ്ങളായി മലപ്പുറത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താലിബാന്‍ മോഡല്‍ സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വീഡിയോ കാണാം:
Post Your Comments