കോട്ടയം: ബലാത്സംഗ കേസില്‍ നിര്‍ണായക നീക്കവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണിപ്പേള്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഫ്രാങ്കോയുടെ ഹര്‍ജിയില്‍ ഫെബ്രുവരി നാലിന് കോടതി വാദം കേള്‍ക്കും.
കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്‌സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ഉണ്ടെന്ന് മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേല്‍ നേരത്തെ ആരോപിച്ചിരുന്നു. ഫോണിലൂടെയും നേരിട്ടും മൊഴി മാറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നു എന്നായിരുന്നു സിസ്റ്ററിന്റെ ആരോപണം. അതുകൊണ്ട് വിചാരണ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നായിരുന്നു സിസ്റ്റര്‍ ലിസി ആവശ്യപ്പെട്ടിരുന്നത്.
2018 ജൂണിലാണ് ബിഷപ്പിനെതിരെ ലൈംഗികാരോപണക്കേസ് വരുന്നത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. 13 തവണ തന്നെ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ സമരം ആരംഭിച്ച് 14 ആം ദിവസമാണ് ബിഷപ്പ് അറസ്റ്റിലാകുന്നത്.
Post Your Comments