തിരുവനന്തപുരം: കളിയിക്കാവിള ചെക്‌പോസ്റ്റില്‍ കൊല്ലപ്പെട്ട എഎസ്‌ഐ വില്‍സണെ കുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. ഒളിവില്‍ പോകുന്നതിന് മുമ്പ് പ്രതികള്‍ കത്തി ഇവിടെ ഉപേക്ഷിക്കുകയായിരുന്നു.
വില്‍സണെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് ഇന്നലെ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ് കണ്ടെത്തിയത്.എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം ഷമീമും തൗഫീഖും കളിയിക്കാവിളയില്‍ നിന്ന് ബസ്സിലാണ് എറണാകുളത്ത് എത്തിയത്. അതിന് ശേഷമാണ് കൊലപാതകവാര്‍ത്ത പത്രത്തില്‍ കാണുന്നത്. ഇത് കണ്ടതോടെ, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പിന്നില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ തള്ളുന്ന ഇടത്തുള്ള ഓടയില്‍ പ്രതികള്‍ തോക്ക് ഉപേക്ഷിച്ചു. തുടര്‍ന്ന് ബസ്സില്‍ ഉഡുപ്പിക്ക് പോവുകയായിരുന്നു.
കര്‍ണാടക പൊലീസിലെ ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും റെയില്‍വേ സുരക്ഷാ വിഭാഗവും ചേര്‍ന്നാണ് ജനുവരി ഏഴിന്, വെരാവല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ പിടികൂടിയത്.
Post Your Comments