KeralaLatest NewsNews

ഗായകൻ എം.ജി. ശ്രീകുമാറിന്റെ വീട് പൊളിക്കേണ്ടി വരുമോ? മരടിന് ശേഷം തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം നിർമ്മിച്ച ആദ്യ കേസ്; കോടതി വിധി ഇന്ന്

കൊച്ചി: ഗായകൻ എം.ജി. ശ്രീകുമാറിന്റെ വീട് പൊളിക്കേണ്ടി വരുമോ? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ്. തീരദേശപരിപാലന നീയമം ലംഘിച്ച് പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ വീട് നിർമ്മിച്ച കേസിൽ കോടതി ഇന്ന് വിധി പറയും. മരടിന് ശേഷം തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം നിർമ്മിച്ചതായുള്ള ആദ്യ കേസാണ് ഇത്.

കേസിൽ പത്താം പ്രതിയാണ് എം.ജി.ശ്രീകുമാർ. എറണാകുളം ബോൾഗട്ടി ബോട്ട്ജട്ടിക്ക് സമീപം 11 .5 സെന്റ്സ്ഥലത്ത് നിർമ്മിച്ച മൂന്ന് നില വീട് തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്നാണ് ആരോപണം. ഒരു നില കെട്ടിടത്തിന് അനുമതി വാങ്ങിയശേഷം കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് മൂന്ന് നിലകൾ നിർമ്മിച്ചുവെന്നും ആരോപണമുണ്ട്.

മുളവുകാട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.വി സൈനബ ബീവി ഒൻപതാം പ്രതിയാണ്. കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയതും സൈനബയാണ്. ഈ പെർമിറ്റ് റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശിച്ചിട്ടും തുടർ നടപടികൾ ഉണ്ടായില്ല. കെട്ടിടത്തിന് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

കളമശേരി സ്വദേശി ഗിരീഷ് കുമാറിന്റെ പൊതുതാൽപര്യ ഹർജിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് രാജ് ആക്‌ട് അനുസരിച്ചും അഴിമതി നിരോധന നിയമപ്രകാരവുമാണു വിജിലന്‍സ് കേസെടുത്തത്. കായലില്‍നിന്ന് ഒന്നരമീറ്റര്‍ പോലും അകലം പാലിക്കാതെയായിരുന്നു നിര്‍മാണം. ഇക്കാര്യം അറിഞ്ഞിട്ടും നിര്‍മാണം തടയാനോ, കാരണംകാണിക്കല്‍ നോട്ടിസ് കൊടുക്കാനോ അധികൃതർ തയാറായില്ല.

ALSO READ: മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ അനധികൃത നിർമ്മാണം; ഉത്തരവാദികൾ നിയമത്തിന് മുന്നിൽ വരുമോ? അന്വേഷണത്തിന് തടയിട്ട് പിണറായി സർക്കാർ

വിജിലൻസ് കോടതി പരിഗണിക്കുന്ന ഈ കേസിൽ അഴിമതി സംബന്ധിച്ച ആരോപണങ്ങളുമുണ്ട്. കേസിൽ ഒന്നു മുതല്‍ എട്ട് വരെ പ്രതികള്‍ മുളവുകാട് പഞ്ചായത്ത് മുന്‍ സെക്രട്ടറിമാരാണ്. ഒന്നാം പ്രതി കെ. പത്മിനി, രണ്ടാം പ്രതി പി.എം ഷഫീക്ക്, മൂന്നാം പ്രതി ജെസി ചെറിയാന്‍, നാലാം പ്രതി കെ.വി മനോജ്, അഞ്ചാം പ്രതി എസ്. കൃഷ്ണകുമാരി, ആറാം പ്രതി പി.എസ് രാജന്‍, ഏഴാം പ്രതി സലീമ, എട്ടാം പ്രതി ആര്‍ മണിക്കുട്ടി എന്നിവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button