കൊച്ചി: മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ അനധികൃത നിർമ്മാണത്തിന് പിന്നിലാരൊക്കെ? ഫ്ളാറ്റെല്ലാം ഇടിച്ചുനിരത്തിയിട്ടും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നീക്കത്തിൽ പിണറായി സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണ്. പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ കെ.എ.ദേവസിയെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താൻ അനുമതിക്കായുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ഒരു നടപടിയുമില്ലാതെ ഒന്നരമാസം പൂഴ്ത്തിയതിന്റെ തെളിവ് പുറത്തു വന്നു.
കാര്യങ്ങളെല്ലാം പകൽപോലെ വ്യക്തമായിരിക്കെ മരട് മുനിസിപ്പാലിറ്റിയിൽ നിന്ന് അക്കാലത്തെ രേഖകള്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് പിന്നെ അന്നത്തെ ഭരണസമിതി അംഗങ്ങളെയും ചോദ്യംചെയ്ത് നിഗമനത്തിലെത്തി. അങ്ങനെയാണ് 2005 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്റ്് ആയിരുന്ന കെ.എ.ദേവസിക്കെതിരെ നടപടിക്ക് സർക്കാരിന്റെ അനുമതി തേടിയത്.
ഈ പടുകൂറ്റൻ കെട്ടിടങ്ങളെല്ലാം അനധികൃതമെന്ന് കണ്ടെത്തി ഇങ്ങനെ ഇടിച്ചുനിരത്താൻ സുപ്രീംകോടതി ഉത്തരവിട്ടിട്ട് എട്ടു മാസമാകുന്നു. ഇവയ്ക്ക് അനുമതി നൽകിയവർക്കെതിരെ നടപടിയെടുക്കാനും നിർദേശിച്ചതു പ്രകാരം അന്വേഷണം അന്ന് തുടങ്ങിയതാണ്. അതേസമയം പഞ്ചായത്ത് ഭരണസമിതിയിലെ മുൻ അംഗങ്ങള്‍ അടക്കം സിപിഎമ്മുകാർ ദേവസിക്കെതിരെ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകാൻ തുടങ്ങി.
പ്രത്യേക അന്വേഷണ സംഘം ഡിവൈഎസ്പി ജോസി ചെറിയാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്ക് കത്തയച്ചത് കഴിഞ്ഞവർഷം ഡിസംബർ അഞ്ചിനാണ്. ഒന്നരമാസം ഇതിന്മേൽ ഒരു നടപടിക്കും സർക്കാർ തയ്യാറായില്ല. അന്വേഷണം വഴിമുട്ടിയെന്ന മട്ടിൽ വാർത്തകൾ പുറത്തുവരാൻ തുടങ്ങിയതോടെ വിവാദം ഭയന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇത് പൊടിതട്ടിയെടുത്ത ആഭ്യന്തരവകുപ്പ് പക്ഷെ നിയമോപദേശം തേടാന്‍ തീരുമാനിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷനോടാണ് ഉപദേശം തേടുന്നത്.
കുറ്റകൃത്യത്തിൽ ദേവസിയുടെ പങ്ക് വ്യക്തമാക്കി വിശദമായ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സർക്കാരിന് നൽകിയിട്ടുമുണ്ട്. സാഹചര്യം ഇതായിരിക്കെ ഇപ്പോഴത്തെ നീക്കം നടപടി വൈകിക്കാനാണെന്ന് വ്യക്തം. എന്നാൽ ഇതിനിടയിലും ദേവസിയുടെ കുരുക്ക് മുറുകുകയാണ്. ഭരണസമിതിയിൽ ഒപ്പം ഉണ്ടായിരുന്ന മൂന്നു സിപിഎം അംഗങ്ങളുടെ രഹസ്യമൊഴികൾ രേഖപ്പെടുത്തുകയാണ് ഈ ദിവസങ്ങളിൽ. വി വിജയകുമാർ, പികെ രാജു എന്നിവര്‍ ചൊവ്വയും ബുധനുമായി മജിസ്ട്രേറ്റിന് മുന്നിലെത്തി മൊഴി നൽകി.
Post Your Comments