കൊച്ചി : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി പോഷക സംഘടനയായ മാതൃസംഗമത്തിന്റെ സെമിനാറിനിടെ എതിർപ്പു പ്രകടിപ്പിച്ച യുവതിയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകർ ആക്രമിച്ചെന്നു കാണിച്ച് തിരുവനന്തപുരം സ്വദേശിനി ആതിര നൽകിയ പരാതിയിലാണു കേസെടുത്തിരിക്കുന്നത്. പാവക്കുളം അമ്പലത്തിനു സമീപത്തുള്ള ഹോസ്റ്റലിലാണ് ആതിര താമസിക്കുന്നത്. കണ്ടാലറിയുന്ന 29 പേർക്കെതിരെയാണ് സംഘംചേർന്ന് ആക്രമിക്കലിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിരിക്കുന്നതെന്ന് എറണാകുളം നോർത്ത് പൊലീസ് പറഞ്ഞു.
സെമിനാറിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ തടസപ്പെടുത്താൻ വരികയും പരിപാടി അലങ്കോലപ്പെടുത്തുകയും ചെയ്തെന്നു കാണിച്ച് ബിജെപി വ്യവസായിക സെൽ കൺവീനറും ജനജാഗ്രതാ സമിതി പ്രോഗ്രാം കോഓർഡിനേറ്ററുമായ സജിനി നൽകിയ കേസിലും കേസെടുത്തിട്ടുണ്ട്. ക്ഷണിക്കപ്പെട്ടവർ മാത്രം പങ്കെടുത്ത പരിപാടിയിൽ ഇവർ അതിക്രമിച്ചു കയറുകയായിരുന്നെന്നാണ് പരാതി.
കഴിഞ്ഞ 21ന് കലൂരിനടുത്തുള്ള പാവക്കുളം ക്ഷേത്രത്തിനു സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ഓഡിറ്റോറിയത്തിലാണു ജനജാഗരണ സമിതി പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ മാതൃസംഗമം വിളിച്ചു ചേർത്തത്. ബിജെപി നേതാവ് സി.വി.സജിനി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആളുകൾക്കിടയിൽ ഇരിക്കുകയായിരുന്ന ആതിര സംശയങ്ങൾ ഉന്നയിച്ച് എഴുന്നേറ്റത്. ഇതു കണ്ട മറ്റു സ്ത്രീകൾ യുവതിയെ തടയുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കാനും ശ്രമിച്ചു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Post Your Comments