മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആരാധകരും കൈവിടുകയാണ്. അതുകൊണ്ടുതന്നെ ക്ലബിന്റെ തകര്‍ച്ച പൂര്‍ണ്ണമായി എന്ന് പറയേണ്ടി വരും. ഇന്നലെ ബേര്‍ണ്‍ലിക്ക് എതിരെ ഓള്‍ഡ്ട്രാഫോര്‍ഡില്‍ നാണംകെട്ട പരാജയം ആണ് യുണൈറ്റഡ് ഏറ്റുവാങ്ങിയത്. അതോടുകൂടി ആരാധകരുടെ ക്ഷമയും അവസാനിച്ചു.
80ആം മിനുട്ട് മുതല്‍ ആരാധകര്‍ സ്റ്റേഡിയം വിട്ടു പോകുന്ന കാഴ്ചയാണ് ഇന്നലെ കാണാന്‍ കഴിഞ്ഞത്. ക്ലബിനെതിരെയും ക്ലബ് ഉടമകള്‍ക്ക് എതിരെയും രോഷാകുലരായാണ് ആരാധകര്‍ മത്സരം അവസാനിക്കും മുമ്പ് ഗാലറി വിട്ടത്. ക്ലബ് ഉടമകളായ ഗ്ലേസേഴ്‌സിനെതിരെയും ക്ലബിന്റെ ഡയറക്ടര്‍ ആയ എഡ് വൂഡ്വാര്‍ഡിനെതിരെയും ചാന്റ്‌സുകള്‍ പാടിയായിരുന്നു ഇന്നലെ ഭൂരിഭാഗം സമയത്തും ക്ലബ് ആരാധകര്‍ ഗാലറിയില്‍ ഇരുന്നത്. കളി 90ആം മിനുട്ടില്‍ എത്തിയപ്പോഴേക്കും സ്റ്റേഡിയം മൊത്തം ഒഴിഞ്ഞ അവസ്ഥയായിരുന്നു. മുമ്പ് പ്രീമിയര്‍ ലീഗ് അടക്കി ഭരിച്ചിരുന്ന ഫെര്‍ഗൂസന്റെ ചെകുത്താന്‍മാര്‍ ഇപ്പോള്‍ വന്‍ പരാജയമാകുന്നതാണ് കാണുന്നത്.
ഫെര്‍ഗൂസണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം മികച്ച ഒരു സീസണ്‍ യുണൈറ്റഡുന് ഉണ്ടായിട്ടില്ല. മുമ്പ് അവസാന വിസില്‍ വരെ അത്ഭുതങ്ങള്‍ കാണിച്ച ടീമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഫെര്‍ഗീ ടൈം എന്ന് ഇഞ്ച്വറി ടൈമിന് വിളിപ്പേര് വാങ്ങിക്കൊടുത്ത ക്ലബിന്റെ ആരാധകര്‍ ആണ് 90ആം മിനുട്ടിലേക്ക് പ്രതീക്ഷകള്‍ കൈവിട്ട് ഇറങ്ങിപോയത്. ഇനി യുണൈറ്റഡിന് തങ്ങളുടെ പ്രതാപകാലം വീണ്ടെടുക്കാന്‍ പറ്റുമോ എന്നുപോലും ആരാധകര്‍ സംശയിക്കുന്നു.
Post Your Comments