കടുത്തുരുത്തി: രണ്ടാം ക്ലാസ് വിദ്യാര്‍ഥി മലയാളം വായിച്ചത് ശരിയായില്ലെന്നാരോപിച്ച് അധ്യാപിക കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചു. എയ്ഡഡ് സ്‌കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കുറുപ്പന്തറ കളത്തൂക്കുന്നേല്‍ സൗമ്യയുടെ മകന്‍ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി തല്ലിയതെന്ന് പരാതി ഉയര്‍ന്നത്.
ഇരുകാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. രാത്രി വൈകി വിദ്യാര്‍ഥിയെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടി. സംഭവം ഇങ്ങനെയാണ് മലയാളം വായിപ്പിക്കാന്‍ കുട്ടിയെ ടീച്ചറുടെ അടുത്തേക്ക് വിളിപ്പിച്ചു. വായിക്കുന്നത് ശരിയായില്ലെന്നു പറഞ്ഞ് ടീച്ചര്‍ ചൂരലിന് തല്ലുകയായിരുന്നു. വൈകീട്ട് സ്‌കൂള്‍ വിട്ടശേഷം വീട്ടിലെത്തിയ കുട്ടിയുടെ ഇരുകാലുകളും തടിച്ചു കിടക്കുന്നതു കണ്ട് അമ്മൂമ്മ കാരയം തിരക്കിയപ്പോഴാണ് ടീച്ചര്‍ തല്ലിയകാര്യം കുട്ടി പറയുന്നത്. ഉടന്‍തന്നെ മുത്തശ്ശി കുട്ടിയുമായി സ്‌കൂളിലെത്തിയെങ്കിലും അധ്യാപിക പോയിരുന്നു എങ്കിലും മറ്റുള്ള അധ്യാപകര്‍ വ്യാഴാഴ്ച വിവരം തിരക്കാമെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു. ടീച്ചറുമായി സംസാരിച്ചപ്പോള്‍ മലയാളം വായിച്ച് കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്ന മറുപടിയാണ് ടീച്ചര്‍ നല്‍കിയതെന്ന് അമ്മ പറഞ്ഞു.
തുടര്‍ന്ന് ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട് ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സ്‌കൂളിലും കുട്ടിയെ കാണാനുമായി എത്താമെന്നാണ് ചൈല്‍ഡ് ലൈന്‍ അറിയിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ ക്ഷമചോദിച്ച് വീട്ടിലെത്തിയെങ്കിലും പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വീട്ടുകാരും ബന്ധുക്കളും അറിയിച്ചതോടെ ഇവര്‍ മടങ്ങി.
Post Your Comments