KeralaLatest NewsNewsIndia

രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ അദ്ദേഹത്തെക്കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്തി ഒരു ഹിന്ദു നേതാവ് മാത്രമാക്കി ചുരുക്കി അപമാനിക്കുകയാണ് : പിണറായി വിജയന്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. കൊളോണിയല്‍ അടിമത്തില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ജീവന്‍ ത്യജിച്ച ധീരനായ ദേശസ്‌നേഹിയായിരുന്ന അദ്ദേഹം സ്വന്തം ജീവിതം ത്യജിച്ചത് ഏതു മൂല്യങ്ങള്‍ക്കു വേണ്ടിയാണോ, ഏതു തരം രാഷ്ട്രത്തിനു വേണ്ടിയായിരുന്നോ, അവയെല്ലാം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്കു മുന്‍പില്‍ അരങ്ങേറുന്നതെന്നും പിണറായി വിജയന്‍ കുറിച്ചു.

മാത്രമല്ല, രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ വക്രീകരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു. അദ്ദേഹത്തെ ഒരു ഹിന്ദു നേതാവ് മാത്രമാക്കി ചുരുക്കി അപമാനിക്കുകയാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമാണിന്ന്. കൊളോണിയല്‍ അടിമത്തില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ജീവന്‍ ത്യജിച്ച ധീരനായ ദേശസ്‌നേഹിയായിരുന്നു അദ്ദേഹം. ഇന്ന് അദ്ദേഹത്തിന്റെ ജനനത്തിന്റെ ഒരു ശതാബ്ദത്തിനപ്പുറം എത്തി നില്‍ക്കുമ്പോള്‍, നേതാജി സ്വന്തം ജീവിതം ത്യജിച്ചത് ഏതു മൂല്യങ്ങള്‍ക്കു വേണ്ടിയാണോ, ഏതു തരം രാഷ്ട്രത്തിനു വേണ്ടിയായിരുന്നോ, അവയെല്ലാം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്കു മുന്‍പില്‍ അരങ്ങേറുന്നത്. മാത്രമല്ല, രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ വക്രീകരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു. അദ്ദേഹത്തെ ഒരു ഹിന്ദു നേതാവ് മാത്രമാക്കി ചുരുക്കി അപമാനിക്കുകയാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

എന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം വര്‍ഗീയ രാഷ്ട്രീയത്തെ ശക്തമായി വിമര്‍ശിക്കുകയും ചെറുക്കുകയും ചെയ്തിരുന്നു. 1935 ല്‍ എഴുതിയ ‘ഇന്ത്യന്‍ സ്ട്രഗിള്‍’ എന്ന പുസ്തകത്തില്‍ നേതാജി ഹിന്ദുത്വ വര്‍ഗീയവാദത്തോടുള്ള തന്റെ എതിര്‍പ്പ് രൂക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്: ”ഹിന്ദു മഹാസഭയില്‍, അതിന്റെ മുസ്ലീം പകര്‍പ്പു പോലെത്തന്നെ, ചില മുന്‍കാല ദേശീയവാദികള്‍ മാത്രമല്ല ഉള്ളത്. അതില്‍ ഭൂരിഭാഗം ആളുകളും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ഭയമുള്ളവരും, സുരക്ഷിതമായ ഒരു ഇടം തിരയുന്നവരുമാണ്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയ സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുന്നു. ദേശീയ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ഈ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഗുണകരമാകുന്നു.” ഇപ്രകാരം സ്വന്തം അഭിപ്രായം കൃത്യമായി രേഖപ്പെടുത്തിയ സുഭാഷ് ചന്ദ്ര ബോസിനെയാണ് ഹിന്ദു വര്‍ഗീയവാദി എന്ന നിലയില്‍ അവതരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്.

വളരെ ചെറിയ പ്രായത്തിലേ രാഷ്ട്രീയത്തില്‍ സജീവമായ നേതാജി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്തുള്ള വലതു ചിന്താഗതികളെ എതിര്‍ത്തുകൊണ്ട് ഉല്പതിഷ്ണുവായ നേതാവ് എന്ന പേരെടുത്തു. അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത് ഇടതുപക്ഷ സോഷ്യലിസ്റ്റ് എന്നായിരുന്നു. കോണ്‍ഗ്രസിനകത്ത് ഒരു ഇടതുപക്ഷ വിപ്ലവം നടക്കണമെന്നും കോണ്‍ഗ്രസ് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കേണ്ട പാര്‍ട്ടി ആയി മാറണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യന്‍ സ്ട്രഗിളില്‍ തന്നെ അദ്ദേഹം ഇതേക്കുറിച്ച് എഴുതി. ”കര്‍ഷകരും, തൊഴിലാളികളും ഉള്‍പ്പെടെയുള്ള ബഹുജനത്തിന്റെ താല്പര്യങ്ങളാണ്, മറിച്ച്, മുതലാളിമാരുടേയും ജന്മിമാരുടേയും പലിശയ്ക്ക് പണം കടംകൊടുക്കുന്നവരുടേയും സ്ഥാപിത താല്പര്യങ്ങളല്ല സംരക്ഷിക്കേണ്ടത്” എന്ന് അദ്ദേഹം അസന്നിഗ്ധമായി ആ പുസ്തകത്തില്‍ പറയുന്നു. അതോടൊപ്പം സോവിയറ്റ് മാതൃകയില്‍ ഇന്ത്യയിലെ കാര്‍ഷിക വ്യാവസായിക മേഖലകളെ മാറ്റിയെടുക്കണമെന്നും അദ്ദേഹം വിശദമാക്കുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്തെ അദ്ദേഹത്തിന്റെ നിലപാടുകളോട് ശക്തമായ വിയോജിപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹവും ഐ.എന്‍.എ-യുമായി ഇന്ത്യന്‍ ഇടതുപക്ഷത്തിനു ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. യുദ്ധാനന്തരം ഐ.എന്‍.എ തടവുകാരുടെ വിചാരണയില്‍ അവര്‍ക്കൊപ്പം നിന്നു പൊരുതിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. പീന്നീട്, ക്യാപ്റ്റന്‍ ലക്ഷ്മി ഉള്‍പ്പെടെ അവരില്‍ ഒരുപാടു പേര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു.

മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ ചരിത്രം രചിച്ചിട്ടാണ് അദ്ദേഹം കടന്നു പോയത്. ആ ചരിത്രം ഇവിടത്തെ വര്‍ഗീയ ശക്തികള്‍ക്ക് ധനാത്മകമായ യാതൊരു പങ്കുമില്ലാത്ത ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ഇന്ന് നേതാജിയുടെ ജന്മദിനത്തില്‍ ആ ചരിത്രത്തെ ആഴത്തില്‍ മനസ്സിലാക്കുമെന്നും, അതു നമുക്ക് സമ്മാനിച്ച ഇന്ത്യ എന്ന മഹത്തായ സങ്കല്പത്തെ ഒരു വിഭാഗീയ ശക്തിക്കും വിട്ടു കൊടുക്കില്ലെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം. നമുക്ക് നേതാജിക്ക് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും അര്‍ത്ഥവത്തായ പിറന്നാള്‍ സമ്മാനം അതായിരിക്കും. ജയ് ഹിന്ദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button