Latest NewsNewsInternational

ഉത്തര കൊറിയ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ പുതിയ മാര്‍ഗം തേടുന്നു

ആണവ ചര്‍ച്ചകള്‍ സ്തംഭിക്കുകയും, ഉത്തര കൊറിയന്‍ കമ്പനികള്‍ക്ക് വാഷിംഗ്ടണ്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ പുതിയ മാര്‍ഗം തേടുമെന്നും ആയുധ പദ്ധതി ത്വരിതപ്പെടുത്തുമെന്നും ഉത്തര കൊറിയ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി.

വാഷിംഗ്ടണുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള തന്‍റെ രാജ്യത്തിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ജനീവയില്‍ നടന്ന നിരായുധീകരണ കോണ്‍ഫറന്‍സില്‍ ഉത്തര കൊറിയന്‍ പ്രതിനിധി ജു യോങ് ചോല്‍ പറഞ്ഞു.

‘സംഭാഷണം പുനരാരംഭിക്കുന്നതിനെക്കുറിച്ചാണ് യുഎസ് സംസാരിക്കുന്നതെങ്കിലും, ഡിപിആര്‍കെ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കൊറിയ) യോടുള്ള ശത്രുതാപരമായ നയം ഉപേക്ഷിക്കാന്‍ തുടക്കം മുതല്‍ തന്നെ ഉദ്ദേശ്യമില്ല,’ അദ്ദേഹം പറഞ്ഞു.

കൊറിയന്‍ ഉപദ്വീപില്‍ യുഎസ് ശത്രുതാപരമായ നയം ഉപേക്ഷിക്കുകയും ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ ഡിപിആര്‍കെ ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യവും മുന്‍വ്യവസ്ഥപ്രകാരമുള്ള തന്ത്രപരമായ ആയുധങ്ങള്‍ ക്രമാനുഗതമായി വികസിപ്പിക്കും. അമേരിക്കയുടെ ഭാവി മനോഭാവത്തെ ആശ്രയിച്ചിരിക്കും ആയുധ നിര്‍മ്മാണത്തിന്റെ വ്യാപ്തി,’ അദ്ദേഹം പറഞ്ഞു.

പ്യോങ്‌യാങ് മുമ്പ് യുഎസിലെ തന്ത്രപ്രധാനമായ സ്ഥലത്തെത്താന്‍ കഴിയുന്ന മിസൈലുകള്‍ പ്രയോഗിക്കുകയും ആറ് ആണവ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അവസാനത്തേത് ഹിരോഷിമ സ്ഫോടനത്തേക്കാള്‍ 16 മടങ്ങ് ശക്തമാണെന്നാണ് റിപ്പോര്‍ട്ട്.

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള രണ്ട് വര്‍ഷത്തെ നയതന്ത്രത്തിന്‍റെ കേന്ദ്ര ബിന്ദു ആയിരുന്ന ആണവ, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കുള്ള മൊറട്ടോറിയങ്ങള്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഡിസംബറില്‍ പ്രഖ്യാപിച്ചു.

ആണവോര്‍ജവത്കരണത്തെക്കുറിച്ച് അവ്യക്തമായ പ്രസ്താവനയില്‍ ഇരുവരും ഒപ്പിട്ട 2018 ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ഒരു സുപ്രധാന ഉച്ചകോടിക്ക് ശേഷം ട്രംപും കിമ്മും മൂന്ന് കൂടിക്കാഴ്ചകള്‍ നടത്തി. ഉപരോധം നീക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഹാനോയിയില്‍ നടന്ന രണ്ടാമത്തെ ഉച്ചകോടി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ചര്‍ച്ചകള്‍ തടസ്സപ്പെട്ടു.

യു എന്‍ പിന്തുണയോടെ, പ്യോങ്‌യാങ്ങിന്‍റെ പണമൊഴുക്ക് തടയുന്നതിനും, ഉത്തരകൊറിയ വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാനും, ഉത്തര കൊറിയന്‍ സര്‍ക്കാരുമായി എന്തെങ്കിലും ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കാന്‍ രണ്ട് കമ്പനികളുടെ അമേരിക്കയിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കുന്നതായി ജനുവരി ആദ്യം ട്രം‌പ് പ്രഖ്യാപിച്ചിരുന്നു.

ഉത്തര കൊറിയയില്‍ ഒരു ലക്ഷത്തോളം വിദേശ തൊഴിലാളികളുണ്ടെന്നാണ് യുഎസ് അധികൃതര്‍ 2017 ല്‍ പറഞ്ഞത്. പ്രതിവര്‍ഷം 500 മില്യണ്‍ ഡോളറാണ് വരുമാനം.

‘എന്‍റെ രാജ്യത്തിനെതിരെ ഉപരോധവും സമ്മര്‍ദ്ദവും ഏര്‍പ്പെടുത്തുന്നത് യുഎസ് തുടരുകയാണെങ്കില്‍, നമ്മുടെ പരമാധികാരത്തെയും പരമോന്നത ദേശീയ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായി പുതിയ വഴി തേടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായേക്കാം,’ ജു യോങ് ചോല്‍ പറഞ്ഞു.

2018 ല്‍ പ്രസിഡന്‍റ് ട്രംപും ചെയര്‍മാന്‍ ജോങ് ഉന്നും ഉണ്ടാക്കിയ കരാറില്‍ നിന്ന് മാറുന്നതിനെക്കുറിച്ചല്ല അവര്‍ സംസാരിക്കുന്നതെന്നാണ് എന്‍റെ പ്രതീക്ഷയെന്ന് നിരായുധീകരണ സമിതിയിലെ യുഎസ് അംബാസഡര്‍ റോബര്‍ട്ട് വുഡ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

‘അവരുടെ പ്രതീക്ഷ അവര്‍ ചെയ്യുന്നത് ശരിയാണെന്നാണ്. എന്നാല്‍, ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പ്രസിഡന്‍റ് ട്രംപും ചെയര്‍മാന്‍ കിമ്മും ആണവോര്‍ജവല്‍ക്കരണത്തിനായി നല്‍കിയ പ്രതിജ്ഞ നിറവേറ്റാന്‍ കഴിയുന്ന ഒരു ക്രമീകരണം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button