മുംബൈ: യു.എ.ഇ.യിലെ കോടതിവിധി ഇന്ത്യയിലും ബാധകമാവുന്നതോടെ കുടുങ്ങുന്നത് മലയാളികള്‍ . യു.എ.ഇ. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ പകുതിയിലേറെയും മലയാളികളാണ്. വന്‍ തുക വായ്പയെടുത്ത് മുങ്ങിയതോടെ യു.എ.ഇ.യിലെ ബാങ്കുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത്തരം കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് വന്‍തുക തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ശ്രമങ്ങള്‍ക്ക് പുതിയ വിജ്ഞാപനത്തിലൂടെ ഇന്ത്യയിലും നിയമപരിരക്ഷ നല്‍കിയിരിക്കുന്നത്.
യു.എ.ഇ. കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇനി മുതല്‍ യു.എ.ഇയിലെ കോടതികളുടെ ഇത്തരം വിധികള്‍ പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് പരിഗണിക്കപ്പെടുക. നേരത്തെ യു.എ.ഇ.യിലെ സിവില്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. വായ്പയെടുത്ത് മുങ്ങിയവരുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുമാവും. യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളുടെ കേസുകള്‍ ഇന്ത്യയില്‍ കൈകാര്യംചെയ്യുന്നത് മുംബൈ ആസ്ഥാനമായ ഇന്ത്യാ ലോ എല്‍.എല്‍.പി.യാണ്.
തട്ടിപ്പ് നടത്തി മുങ്ങിയവരില്‍ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ നിന്ന് അറുപതു ശതമാനത്തോളമുണ്ട്. ബാക്കി മറ്റുജില്ലക്കാരാണ്. യു.എ.ഇ.യിലെ 55 ബാങ്കുകളില്‍നിന്നായി 15,000 കോടിയിലേറെ രൂപ വായ്പയെടുത്ത് ഇന്ത്യക്കാര്‍ സ്ഥലംവിട്ടതായാണ് പ്രാഥമിക കണക്കുകള്‍. ദുബായിലെ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ 70 ശതമാനം തെക്കേ ഇന്ത്യക്കാരാണ്. ഇതില്‍ 55 ശതമാനം മലയാളികളാണ്.
യു.എ.ഇ.യുടെ അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതി, ഷാര്‍ജ,അജ്മാന്‍, ഉമല്‍ഖുവെയിന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍, അപ്പീല്‍ കോടതികള്‍,അബുദാബി സിവില്‍ കോടതി, ദുബായ് കോടതികള്‍, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി, റാസല്‍ ഖൈമ കോടതി, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്റര്‍ കോടതികള്‍ എന്നിവ പുറപ്പെടുവിക്കുന്ന വിധികളാണ് ഇന്ത്യയിലും നടപ്പിലാക്കുന്നത്. ഇന്ത്യന്‍ സിവില്‍ പ്രൊസീജിയര്‍ കോഡിലെ 44 എ വകുപ്പിലെ വിശദീകരണം ഒന്ന് പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ യു.എ.ഇ.യിലെ വിവിധ കോടതികളെ പരസ്പര വിനിമയ പ്രദേശത്തുള്ള കോടതികളായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് കേന്ദ്ര നിയമകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നതോടെ ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാതെയും വ്യവഹാരങ്ങള്‍ നടത്തി നാട്ടിലേക്ക് മുങ്ങിയവരേയും ഇന്ത്യയില്‍ നിന്നു തന്നെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിയും.
Post Your Comments