കൊച്ചി: മരടിലെ ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയ സിപിഎം നേതാവ് കെഎ ദേവസി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് ക്രൈം ബ്രാഞ്ച്. എന്നാൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റ്, കെഎ ദേവസിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പിണറായി സർക്കാർ.
ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിക്കാൻ പ്രസിഡന്‍റ് എന്ന നിലയില്‍ അനുമതി നൽകിയതെന്നും, സിപിഎം നേതാവുകൂടിയായ പ്രസിഡന്‍റ് ദേവസി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അഴിമതി നിരോധന നിയമ പ്രകാരംവും പൊലീസ് ആക്ട് പ്രകാരവും കെ എ ദേവസിക്ക് എതിരെ കുറ്റങ്ങൾ ചുമത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മരട് കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
മരട് ഫ്ലാറ്റ് നിർമാണത്തിന് ചട്ടം ലംഘിച്ചാണ് അനുമതി നൽകിയതെന്ന് വ്യക്തമായിട്ടും സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ കെ എ ദേവസിയെ പ്രതിചേർക്കുന്നത് സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്. കഴിഞ്ഞ ഡിസംബർ ആറിനായിരുന്നു ദേവസിയെ പ്രതിചേർക്കാൻ അനുമതി തേടി ക്രൈം ബ്രാഞ്ച് സർക്കാരിനെ സമീപിച്ചത്. എന്നാല്‍ ഒന്നരമാസമായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഒടുവില്‍ മാസങ്ങള്‍ പിന്നിട്ട ശേഷമാണ് നിര്‍ണായകമായ വിഷയത്തില്‍ സർക്കാർ ഡിജിപിയോട് നിയമോപദേശം തേടിയത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് കെട്ടിട നിര്‍മ്മാതാക്കള്‍ എന്നിവരെ അറസ്റ്റ് ചെയ്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തത്.
2006 ലാണ് മരടിലെ ഫ്ലാറ്റ് നിര്‍മ്മാണത്തിന് മരട് പഞ്ചായത്ത് അനുമതി നല്‍കിയത്. അന്ന് പ്രസിഡന്‍റായിരുന്നു ദേവസിയുടെ ഭരണസമിതിയാണ് അനുമതി നല്‍കിയതെന്നും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം നടപ്പിലാക്കുക മാത്രമായിരുന്നു താന്‍ ചെയ്തതെന്നും മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ് ന്യൂസ് ആണ് പുറത്തു വിട്ടിരിക്കുന്നത്.
Post Your Comments