ലാഹോര്‍: പാകിസ്ഥാനില്‍ അസാധാരണ പ്രതിസന്ധി , ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍. രാജ്യത്ത് ഗോതമ്പുപൊടിക്ക് ക്ഷാമം നേരിട്ടതാണ് ഇപ്പോള്‍ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഭക്ഷണമുണ്ടാക്കാനായി പാകിസ്ഥാനില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഗോതമ്പുപൊടിക്ക് നാല് പ്രവശ്യകളിലും ക്ഷാമം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . ബലൂചിസ്ഥാന്‍, സിന്ധ്, പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍വാ എന്നീ നാല് പ്രവശ്യകളെയും ക്ഷാമം ബാധിച്ചിട്ടുണ്ട്.
സര്‍ക്കാരുകള്‍ തമ്മില്‍ ഗോതമ്പുപൊടിയുടെ ക്ഷാമത്തെ ചൊല്ലി കൊമ്പ് കോര്‍ക്കുമ്പോള്‍ ചപ്പാത്തിക്കും നാനിനുമായി ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ദിവസവുമുള്ള ആഹാരത്തിനായി ഇപ്പോള്‍ അരിയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനില്‍ ഗോതമ്പ് പൊടിക്ക് ക്ഷാമം നേരിട്ടിരുന്നു.
എന്നാല്‍, വിലക്കയറ്റത്തിനെതിരെയും പൂഴ്ത്തിവയ്പ്പുകാര്ക്കെതിരെയും നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രവശ്യ സര്‍ക്കാരുകളോട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് ക്ഷാമം കടുത്തതെന്ന് ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനില്‍ ഏറെ പ്രസിദ്ധമായ നാനുകള്‍ വില്‍ക്കുന്ന കടകള്‍ അടച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് ഇവരുടെ അസോസിയേഷന് പ്രാദേശിക, ഫെഡറല്‍ വ്യത്യാസമില്ലാതെ സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്. ഖൈബര്‍ പഖ്തൂണ്‍വായിലാണ് ഗോതമ്പുപൊടി ക്ഷാമം ഏറ്റവുമധികം ബാധിച്ചത്. ഇവിടെ നാനുകള്‍ വില്‍ക്കുന്ന ഏകദേശം 2500 കടകളാണ് പൂട്ടിയത്.
Post Your Comments