KeralaLatest NewsIndia

മാതാപിതാക്കള്‍ ജനിച്ച സ്ഥലം ചോദിച്ചു ചെന്നാല്‍ ഉദ്യോഗസ്ഥരെ ജനക്കൂട്ടം പഞ്ഞിക്കിടുമെന്ന ഭയം തുറന്നു പറഞ്ഞു സര്‍ക്കാര്‍: സെൻസസും വഴിമുട്ടി നിൽക്കുന്നു

തിരുവനന്തപുരം: സര്‍വ്വകലാശാലാ വിഷയങ്ങളില്‍ തുടങ്ങി കേരളാ ഗവര്‍ണറുമായുള്ള തര്‍ക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ ഏറ്റുമുട്ടലിലേക്ക് വഴിമാറിയ കാഴ്‌ച്ചയാണ് കേരളത്തില്‍ കണ്ടത്. ഇപ്പോള്‍ ഈ തര്‍ക്കം സെന്‍സസ് വിഷയത്തിലേക്കും ചെന്നെത്തി നില്‍ക്കുന്നു. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും മുമ്പ് തന്നെ അറിയിച്ചില്ലെന്ന വാദം ഉയര്‍ത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ ഈ വിഷയത്തിലെ വിശദീകരണത്തിനും തൃപ്തനാകാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് എന്‍പിആറിന്റെ പേരിലും ഉടക്കുണ്ടായത്.

സെന്‍സസ് നടപടിയുമായി പൂര്‍ണമായി സഹകരിക്കുമെങ്കിലും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍.) പുതുക്കല്‍ സംസ്ഥാനത്തു നടത്തില്ലെന്ന് കേരള സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. അക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മിഷണറെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാനനില ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രിസഭ വിലയിരുത്തി.

മാതാപിതാക്കളുടെ ജനന തീയ്യതി അടക്കമുള്ള കാര്യങ്ങളിലെ ചോദ്യങ്ങളുമായി മുന്നോട്ടു പോയാല്‍ അത് ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍.ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെന്‍സസ്) എന്‍.പി.ആര്‍. പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് തന്നെ നടപ്പാക്കാനാകാതെവരുമെന്ന് കളക്ടര്‍മാര്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എന്‍പിആര്‍ പുതുക്കലില്‍ നിന്നും പിന്മാറിയത്. മാതാപിതാക്കളുടെ ജനനസ്ഥലം, അവരുടെ ജനനത്തീയതി തുടങ്ങിയ രണ്ട് ചോദ്യങ്ങളാണ് പ്രശ്‌നം.

സെന്‍സസ് നടപടിയുടെ ഭാഗമായി വ്യക്തികളില്‍നിന്നു വിവരം ശേഖരിക്കാനുള്ള ഫോമിലെ ഈ രണ്ടുചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കേണ്ടെന്ന് ജനങ്ങളെ അറിയിക്കും. ഇവ ഉദ്യോഗസ്ഥര്‍ ചോദിച്ചാലും പറയേണ്ടെന്നാണ് സര്‍ക്കാര്‍നിലപാട്. എന്നാൽ അനാവശ്യ ഭീതി ജനങ്ങളിൽ സൃഷ്ടിച്ചിരിക്കുകയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.സെന്‍സസിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടെന്നു ജനങ്ങളോട് നിര്‍ദ്ദേശം നല്‍കിയതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടുമോ എന്ന ആശങ്ക ഉന്നതതലത്തിലുണ്ട്.

ഉത്തരം നല്‍കേണ്ടെന്ന നിര്‍ദേശത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമവഴി തേടാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ തീരുമാനം കേന്ദ്ര സെന്‍സസ് നിയമത്തെ വെല്ലുവിളിക്കുന്നതാണെന്ന ആരോപണവും ഉയരാം. സെന്‍സസും എന്‍പിആറും സംബന്ധിച്ചു മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണു തീരുമാനമെടുത്തത്. എന്നാൽ സെന്‍സസ് നടപടികള്‍ സ്തംഭിച്ചാല്‍ കേരളത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് വിഹിതം ഉള്‍പ്പെടെയുള്ളവയെ പ്രതികൂലമായി ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button