കൊച്ചി : കൊച്ചി പനമ്പിള്ളിനഗറില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് .നിരവധി പേര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ മറവില്‍ തട്ടിയെടുത്തത് ലക്ഷങ്ങളാണ്. നഴ്‌സ്, ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍, ഓഫീസ് സ്റ്റാഫ്, ക്ലീനിംഗ് തുടങ്ങി നിരവധി തസ്തികകള്‍ക്കാണ് പത്രപരസ്യം വഴി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചത്.
Read Also : കേരളത്തില്‍ നിന്ന് ഗള്‍ഫ് രാഷ്ട്രങ്ങളിലേയ്ക്ക് പോകുന്നതിന് റിക്രൂട്ട്‌മെന്റ് കര്‍ശനമാക്കി നോര്‍ക്ക
ജോലിയുടെ പേര് ഓഫിസ് അഡ്മിനിസ്‌ട്രേറ്റര്‍. ചെയ്യുന്നത് തറ തുടയ്ക്കുന്നതു മുതല്‍ ഓഫിസ് ക്ലീനിങ്ങ്, കണക്കെഴുത്ത് തുടങ്ങി വേണ്ടി വന്നാല്‍ അഡ്മിനിസ്‌ട്രേഷന്‍ പണി വരെ. പക്ഷേ, ശമ്പളം ചെലവിനു പോലും തികയില്ല. കൊച്ചിയിലെ റിക്രൂട്‌മെന്റ് ഏജന്‍സി ജോര്‍ജ് ഇന്റര്‍നാഷനലിന്റെ തട്ടിപ്പിനിരയായി വിദേശത്ത് എത്തിയ യുവതി പറയുന്നു.
‘പത്രത്തില്‍ പരസ്യം കണ്ടാണ് വിദേശ ജോലിക്കായി അപേക്ഷിക്കുന്നത്. ഫോണില്‍ ഇംഗ്ലിഷിലാണ് ഒരു സ്ത്രീ സംസാരിച്ചത്. തനിക്ക് നന്നായി ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയുമല്ലോ, കുവൈത്തില്‍ ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ ജോലിക്ക് അപേക്ഷിക്കാമെന്ന് അവര്‍ തന്നെയാണ് നിര്‍ദേശം വച്ചത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ടിന്റെ കോപ്പി തുടങ്ങിയവയുമായി ഓഫിസില്‍ വരാന്‍ പറഞ്ഞു. അങ്ങനെയാണ് പനമ്പള്ളി നഗറിലുള്ള അവരുടെ ഓഫിസിലെത്തുന്നത്. നേരില്‍ കണ്ട് പിരിയുമ്പോള്‍തന്നെ പോകാന്‍ തയാറായിക്കോളാനായിരുന്നു നിര്‍ദേശം. ഒപ്പം ഒന്നര ലക്ഷം രൂപ അടയ്ക്കാനും ആവശ്യപ്പെട്ടു. ‘അപ്പോള്‍ ഇന്റര്‍വ്യൂ?’ എന്ന ചോദ്യത്തിന് ഇന്റര്‍വ്യൂ ഒന്നും വേണ്ട ജോലി റെഡി എന്നായിരുന്നു മറുപടി.
പണം അടച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ഒന്നും ഇല്ലാതായപ്പോഴാണ് നേരിട്ട് ഓഫിസിലേയ്ക്ക് വരുന്നത്. ഇനി വൈകിയാല്‍ പരാതി നല്‍കുമെന്നും മാധ്യമങ്ങളെ അറിയിക്കുമെന്നും പറഞ്ഞപ്പോഴാണ് തനിക്ക് വീസ തയാറാക്കി തന്നത് എന്ന് ഇവര്‍ പറയുന്നു. അങ്ങനെ കുവൈറ്റിലെത്തിയപ്പോഴാണ് അവിടെ നഴ്‌സായാണ് നിയോഗിച്ചിരിക്കുന്നത് എന്ന വിവരം അറിയുന്നത്. ഏജന്‍സിയുമായി ബന്ധപ്പെടാന്‍ പല പ്രാവശ്യം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിയമവിരുദ്ധമായി അവിടെ ജോലി ചെയ്യേണ്ടി വന്നതിന്റെ ഭീതി അലട്ടിയതോടെ എത്രയും പെട്ടെന്ന് നാട്ടില്‍ വരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
കൊച്ചി പനമ്പള്ളിനഗറില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ ജോര്‍ജ് ഇന്റര്‍നാഷനലിലെ പ്രതികള്‍ നിലവില്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സുള്ളത് കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിസി ജോര്‍ജിനാണ്. നേരത്തെ ഇവരുടെ ഭര്‍ത്താവ് ജോര്‍ജ് നടത്തിയിരുന്ന സ്ഥാപനം അദ്ദേഹത്തിന്റെ മരണത്തോടെ തൊടുപുഴ സ്വദേശി ഉദയന്‍, കോട്ടയം സ്വദേശികളായ ജയ്‌സണ്‍, വിന്‍സെന്റ് മാത്യു, ഇടുക്കി സ്വദേശി വിനീത വര്‍ഗീസ് എന്നിവര്‍ക്ക് നടത്തുന്നതിന് കരാര്‍ കൊടുത്തിരിക്കുകയാണ്. ഇതിനിടെ സ്ഥാപനം നടത്താന്‍ ഏറ്റവര്‍ നിലവില്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം വാങ്ങി തട്ടിപ്പു നടത്തിയശേഷം മുങ്ങുകയായിരുന്നു എന്നാണ് പരാതി.
Post Your Comments