കൊച്ചി: കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിക്കിടന്ന് പീന്നീട് അഗ്‌നിശമന സേനാംഗങ്ങളും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞ് ഇനി മുതല്‍ ‘മെട്രോ മിക്കി’ എന്നറിയപ്പെടും. സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് അധികൃതരാണ് പൂച്ചക്ക് മെട്രോ മിക്കി എന്ന പേര് നല്‍കിയത്. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ കൊച്ചി മെട്രോയുടെ തൂണിന് മുകളില്‍ നിന്നും പൂച്ചക്കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയത്.
ദിവസങ്ങളോളമാണ് അഞ്ച് മാസം പ്രായമുള്ള പൂച്ചക്കുഞ്ഞ് മെട്രോയുടെ തൂണുകള്‍ക്കുള്ളില്‍ കഴിച്ചുകൂട്ടിയത്. പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും ആളും ശബ്ദവുമെല്ലാം മിക്കിയെ അസ്വസ്ഥപ്പെടുത്താറുണ്ട്. പനമ്പിള്ളി നഗറിലെ മൃഗാശുപത്രിയില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് ഇപ്പോള്‍ മെട്രോ മിക്കി.
ടാബി ഇനത്തില്‍പ്പെട്ട പൂച്ചക്കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം വാര്‍ത്തകളില്‍ ഇടം നേടിയ വൈറലായ പൂച്ചക്കുഞ്ഞിനെ ദത്തെടുക്കാന്‍ ആഗ്രഹിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്. മെട്രോ മിക്കിയുടെ പൂര്‍ണ്ണ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി മറ്റ് പൂച്ചകളുള്ള വീട്ടിലേക്ക് ദത്തു നല്‍കില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പില്ലറുകള്‍ക്ക് അകത്ത് പെട്ട് പോയ പൂച്ചയെ ചെറിയ വലക്ക് അകത്താക്കി പിടികൂടുക എന്നത് വളരെ ദുഷ്‌കരമായിരുന്നു. വൈറ്റിലയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന റോഡില്‍ ഗതാഗതം നിയന്ത്രിച്ചാണ് ഫയര്‍ഫോഴ്‌സിന്റെ രക്ഷാ പ്രവര്‍ത്തനം നടന്നത്. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് പൂച്ചയെ പുറത്തെടുത്തത്. സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സയും ഉറപ്പാക്കിയിരുന്നു.
Post Your Comments