Latest NewsKeralaIndiaInternational

നേപ്പാളില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും ; പോസ്റ്റ് മോര്‍ട്ടം ഇന്ത്യന്‍ എംബസി ഡോക്ടറുടെ സാന്നിദ്ധ്യത്തില്‍

തിരുവനന്തപുരം : നേപ്പാളില്‍ മരണപ്പെട്ട മലയാളി വിനോദസഞ്ചാരികളുടെ മൃതദേഹം മറ്റന്നാള്‍ നാട്ടില്‍ എത്തിക്കും . നേപ്പാള്‍ പൊലീസിന്‍റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹങ്ങള്‍ വ്യാഴാഴ്ച എത്തിക്കുക . അപകടത്തിന്‍റെ കാരണം കണ്ടെത്താനായി ഇന്ത്യന്‍ എംബസിയിലെ ഡോക്ടറും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ സാന്നിധ്യത്തിലാവും നാളെ പോസ്റ്റ്മോര്‍ട്ടം നടത്തുക.നേപ്പാള്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉറപ്പുനല്‍കിയതായി കോഴിക്കോട് എംപി എം കെ രാഘവന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് നേപ്പാളിലെ ദമനിലെ ഒരു റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒന്‍പത്), അഭിനന്ദ് സൂര്യ (ഒന്‍പത്), അബി നായര്‍(ഏഴ്), വൈഷ്ണവ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് മരിച്ചത്.വിനോദസഞ്ചാരത്തിനായി നേപ്പാളില്‍ എത്തിയ 15 അംഗസംഘം ഇന്നലെ ദമനിലെ ഒരു റിസോര്‍ട്ടിലാണ് തങ്ങിയത്. റിസോര്‍ട്ടിലെ നാല് മുറികളായിരുന്നു ഇവർ എടുത്തിരുന്നത്.

ഒരു മുറിയില്‍ രണ്ട് ഭാഗത്തായാണ് ഇവര്‍ താമസിച്ചത്. വാതിലുകളും ജനാലകളും അടച്ച്‌ ഉറങ്ങിയതിനാല്‍ രാവിലെ വാതില്‍ തുറക്കാതായപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.പിന്നീട് ഹോട്ടല്‍ അധികൃതര്‍ എത്തി മുറി തുറന്നപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി, ഹോട്ടലില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ എട്ട് പേരും മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു.വിനോദസഞ്ചാര സംഘത്തില്‍ 15 പേരാണ് ഉണ്ടായിരുന്നത്. ഇന്നലെയാണ് ഇവര്‍ സ്ഥലത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button