കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്നു വീണ വീട്ടമ്മയുടെ കാല്‍ മുറിച്ചു നീക്കി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ കടവൂര്‍ പള്ളിക്കു മുന്നിലായിരുന്നു അപകടം. അഞ്ചാലുംമൂട് തൃക്കടവൂര്‍ പതിനെട്ടാംപടി റോസ് വില്ലയില്‍ ലോയ്ഡിന്റെ ഭാര്യ ഫിലോമിനയാണ് അപകടത്തില്‍പെട്ടത്.
കൊല്ലത്തേക്കു പോയ ബസില്‍ കടവൂര്‍ പള്ളിക്കു മുന്നിലെ സ്റ്റോപ്പില്‍ ഫിലോമിന ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. പിടി വിട്ടു പോയ ഫിലോമിന ബസിന്റെ അടിയിലേക്കു മറിഞ്ഞു വീഴുകയും കാലിലൂടെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നു. പരുക്കേറ്റ ഫിലോമിനയെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്നു ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇടതു കാലിനു ഗുരുതര പരുക്കേറ്റിരുന്നതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം ഇടതു കാല്‍പാദത്തിനു മുകളില്‍ വച്ചു മുറിച്ചു മാറ്റിയിരുന്നെങ്കിലും ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇന്നലെ മുട്ടിനു മുകളില്‍ വച്ചു മുറിച്ചു നീക്കി. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
Post Your Comments