ന്യൂഡല്‍ഹി : നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ആറര മണിക്കൂറോളം കാത്തുനിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പത്രിക നൽകി.തിരഞ്ഞെടുപ്പ് ഓഫിസിൽ സ്വതന്ത്ര സ്ഥാനാർഥികളുൾപ്പെടെ എത്തിയതിനാലാണു മുഖ്യമന്ത്രി നീണ്ട ക്യൂവിന്റെ ഭാഗമായത്. ന്യൂഡൽഹി മണ്ഡലത്തിലാണ് ഇത്തവണയും അദേഹം ജനവിധി തേടുന്നത്.
അവസാന ദിനമായ ഇന്ന് നൂറോളം സ്ഥാനാർഥികളാണു പത്രികകളുമായി എത്തിയത്. ഡൽഹിയിലെ ജാംനഗർ ഹൗസിൽ റജിസ്റ്റര്‍ ചെയ്യുന്നതിനായി കുറഞ്ഞത് 50 സ്ഥാനാര്‍ഥികളെങ്കിലും എത്തിയെന്നാണു വിവരം. 45–ാം നമ്പർ ടോക്കണായിരുന്നു കേജ്രിവാളിന്റേത്. ജനാധിപത്യത്തിന്റെ ഭാഗമാകാൻ കൂടുതൽ പേർ എത്തുന്നതിൽ സന്തോഷമുണ്ടെന്നു കേജ്രിവാൾ പ്രതികരിച്ചു.
മൂന്നു മണിക്കു മുൻപായി ഓഫിസിൽ എത്തുന്ന എല്ലാവർക്കും നാമനിർദേശ പത്രിക സമർപ്പിക്കാൻ അവസരം നൽകുമെന്ന് അധികൃതർ പ്രതികരിച്ചു. കേജ്രിവാൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതു തടയാൻ ബിജെപി പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അവസാന ദിവസം പത്രിക നൽകാനെത്തിയവരിൽ പലരും കേജ്രിവാളിനെതിരെ വിമർശനമുയർത്തുകയും ചെയ്തു.
Post Your Comments