Latest NewsKeralaNews

കഴിഞ്ഞ വര്‍ഷം ഇല്ലാതിരുന്ന പള്‍സ് പോളിയോ, ഈ വര്‍ഷം വീണ്ടും വന്നതെന്തിന് എന്ന സംശയിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പ്

ഞായറാഴ്ചയായിരുന്നു അഞ്ചു വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ നല്‍കേണ്ട ദിവസം. കഴിഞ്ഞ വര്‍ഷം ഇല്ലാതിരുന്ന പള്‍സ് പോളിയോ വീണ്ടും തുടങ്ങിയതിനെപ്പറ്റി പലവിധ ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഇന്‍ഫോക്ലിനികിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഡോ. നവ്യ തൈക്കാട്ടില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

കുറിപ്പ് വായിക്കാം; 

കഴിഞ്ഞ വർഷം ഇല്ലാതിരുന്ന പൾസ് പോളിയോ, ഈ വർഷം വീണ്ടും വന്നതെന്തിന് എന്ന സംശയം സ്വാഭാവികമായും ഏവർക്കുമുണ്ടാവും. കഴിഞ്ഞ വർഷം കേരളത്തിൽ പൾസ് പൊളിയോ നൽകിയത്, അന്യസംസ്ഥാനങ്ങളിൽ നിന്നും ഇവിടെ വന്നു താമസിച്ചിരുന്ന അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് മാത്രമായിരുന്നു. എന്നാൽ ഇത്തവണ പഴയ ‘പ്രതാപത്തോടെ’ അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പൾസ് ഡോസ് നൽകുന്നുണ്ട്. പലവിധ സംശയങ്ങൾ ഉയർന്നു വരും.

• എന്ത് കൊണ്ടാണ് ഇപ്പോഴും പൾസ് പോളിയോ നടത്തുന്നത്?

• തുള്ളി മരുന്നായുള്ള പോളിയോ വാക്‌സിൻ 2020ഓടെ നിർത്തുമെന്ന് മുൻപ് പറഞ്ഞിട്ട്, ഇപ്പോഴും എന്ത് കൊണ്ടാണ് അത്‌ തുടരുന്നത്?

• കുത്തിവയ്ക്കുന്ന IPV എന്ന പോളിയോ വാക്സിൻ ഇവിടെ കൊടുത്തു തുങ്ങിയിട്ടും, എന്ത് കൊണ്ടാണ് പോളിയോ തുള്ളി മരുന്ന് ഇപ്പോഴും നൽകേണ്ടി വരുന്നത്?

• പോളിയോ നിർമാർജ്ജ്‌നത്തിന്റെ ഭാവി എന്ത്?

പോളിയോ നിർമാര്ജ്ജ്‌നത്തിന്റെ നാൾവഴികൾ

• 1988 കാലഘത്തിൽ, 125 രാജ്യങ്ങളിലായി, മൂന്നരലക്ഷത്തോളം കുട്ടികളെയാണ് പോളിയോ ബാധിച്ചിരുന്നത്.

• 1988 മുതൽ പോളിയോ നിർമാർജ്ജ്‌നത്തിന് വേണ്ടി ലോകമൊന്നാകെ ഒറ്റക്കെട്ടായി പൊരുതി. ലോകമാകെയുള്ള വിപുലമായ വാക്സിനേഷൻ യജ്ഞത്തിലൂടെ, പോളിയോ എന്ന രോഗബാധയെ ഭൂമുഖത്തുനിന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാനായി.

• പോളിയോ വ്യാപകമായിട്ടുള്ള ഘട്ടത്തിൽ, അല്ലെങ്കിൽ ഒരു പകർച്ചവ്യാധി പോലെ പടരുന്ന അവസരങ്ങളിൽ, അതിനെ പിടിച്ചു കെട്ടാൻ ഏറ്റവും അഭികാമ്യം തുള്ളിമരുന്ന് രൂപത്തിലുള്ള (OPV) വാക്‌സിനാണ്. ഇതിൽ ഉപയോഗിക്കുന്നത് ദുർബലമാക്കിയ മൂന്ന് പോളിയോ വൈറസ് സ്‌ട്രെയിനുകളാണ്. അത് പെട്ടെന്നുള്ള സുരക്ഷ നൽകുന്നതിനോടൊപ്പം, ‘കൂട്ടായ പ്രതിരോധം’ ( herd immunity) ഉറപ്പാക്കുകയും ചെയ്യും.

• നീണ്ടവർഷങ്ങളുടെ വാക്സിൻ യജ്ഞത്തിനൊടുവിൽ, ടൈപ്പ് 2 എന്ന പോളിയോ വൈറസ് സ്ട്രെനിനെ നമ്മൾ 1999ൽ നിര്മാര്ജ്‌ജ്നം ചെയ്തു.(പ്രകൃത്യാ കാണുന്ന പോളിയോ വൈറസ് മൂന്ന് തരമാണ് – വൈൽഡ് പോളിയോ വൈറസ്1,2,3). ഇന്ത്യയിൽ തന്നെ ഉത്തർപ്രദേശിൽ നിന്നായിരുന്നു ലോകത്തിലെ ആ അവസാന കേസ്.

• 2011ൽ പശ്ചിമബംഗാളിൽ നിന്നും റിപ്പോർട്ട്ചെയ്ത വൈൽഡ് പോളിയോ സ്‌ട്രെൻ 1 (wPV1) ആണ് ഇന്ത്യയിൽ നിന്നും രേഖപ്പെടുത്തിയ അവസാനത്തെ കേസ്. മൂന്നു വർഷത്തോളം പിന്നീട് കേസുകൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് തന്നെ 2014ൽ ഇന്ത്യ പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു.

• വർഷങ്ങളുടെ പോരാട്ടത്തിനൊടുവിൽ 2013 ഓടെ വെറും മൂന്നു രാജ്യങ്ങളിലേക്ക് മാത്രമായി വൈൽഡ് പൊളിയോ വൈറസ് കേസുകൾ ചുരുങ്ങി. അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് പിന്നീട് സ്ട്രെയിൻ 1,3 എന്നിവയുടെ സാന്നിധ്യം തുടർന്നു വന്നത്.

• പോളിയോ എൻഡ്ഗെയിം 2013- 2018.

2013-14 ലെ സാഹചര്യങ്ങൾ പോളിയോ നിർമാർജ്ജ്‌നത്തിന് വളരെ അനുകൂലമായിരുന്നു. വർഷങ്ങൾക്കുള്ളിൽ തന്നെ പൂർണ്ണമായും പോളിയോ ഇല്ലാതാക്കൻ സാധിക്കുമായിരുന്ന അത്യന്തം പ്രതീക്ഷാവഹമായ സാഹചര്യം. വെറും രണ്ടു രാജ്യങ്ങളിൽ മാത്രം നാൽപതിൽ താഴെ എൻഡമിക് കേസുകൾ. പോളിയോ നിർമാര്ജ്ജ്‌നത്തിന്റെ തൊട്ടടുത്തെത്തിയെന്നു തോന്നിയപ്പോൾ, ഓറൽപോളിയോ വാക്സിനിൽ നിന്നും പതുക്കെ പോളിയോ കുത്തിവെപ്പുകളിലേക്ക് പൂർണ്ണമായി ചുവട് മാറ്റാനുള്ള നീക്കങ്ങളുടെ തുടക്കം, ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ലോകമാകെ തുടങ്ങി.

ഓറൽ പോളിയോ ഉപയോഗിച്ചു കൊണ്ടിരുന്ന രാജ്യങ്ങളിൽ, മുൻപ് ഉപയോഗിച്ചിരുന്ന ട്രൈവാലന്റ് വാക്സിനുകളിൽ നിന്നും ബൈവാലന്റ് വാക്സിനുകളിലേക്ക് മാറി. ഇത് നടന്നത് ലോകമാകെഒരേ സമയത്താണ് (ഗ്ലോബൽ സ്വിച്ച്). ഇത് നടന്നത്‌ 2016 ഏപ്രിൽ മാസത്തിലാണ്.

മൂന്നു തരം ദുർബല പോളിയോ വൈറസുകളും അടങ്ങിയതാണ് തുള്ളിമരുന്നുകൾ. ഇതിൽ നിന്നും, സ്ട്രെയിൻ 2 എന്ന വൈറസിനെ പൂർണ്ണമായും ഒഴിവാക്കിയതാണ് ബൈവാലന്റ് വാക്സിനുകൾ. ലൈവ് വാക്‌സിൻ കൊടുക്കുന്നത് വഴിയുണ്ടാവാവുന്ന അത്യപൂർവ്വമായ വാക്സിൻ പോളിയോ, ഏറ്റവും അധികം ഉണ്ടാക്കാൻ സാധ്യതയുള്ളതാണ് ഈ wPV2 കൊണ്ടാണ്.

• ഇതിനോടൊപ്പം തന്നെ ഈ രാജ്യങ്ങളിൽ കുത്തിവയ്ക്കുന്ന IPV പോളിയോ വാക്സിനുകൾ ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ, IPV എല്ലാകുട്ടികളിലും പൂർണമായി നൽകാമെന്ന് ഉറപ്പു വരുത്തുകയും, ക്രമേണ തുള്ളിമരുന്നുകൾ പൂർണ്ണമായും പിൻവലിക്കും എന്നുമായിരുന്നു ഈ പദ്ധതി.

നിലവിലുള്ള സാഹചര്യങ്ങളും നിർമാർജ്‌ജ്നതന്ത്രവും (2019-2025)

2013 ൽ ഉണ്ടായിരുന്ന പ്രതീക്ഷാനിർഭരമായ സാചര്യങ്ങളിൽ നിന്ന് നമ്മൾ പിന്നോട്ട് പോയിരിക്കുന്നു. നിർഭാഗ്യകരം എന്നു പറയട്ടെ, ഏതാനും വർഷങ്ങൾക്ക് മുൻപ് 33 കേസുകൾ മാത്രമായിരുന്നു എങ്കിൽ, അതേ അയൽ രാജ്യങ്ങളിൽ (പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ) 2019ൽ ഉണ്ടായത് നൂറ്റിയിരുപത്തി നാലോളം പോളിയോ കേസുകളാണ്, ഏകദേശം നാലിരട്ടി.

• ആഭ്യന്തര കലാപങ്ങളും, കൂട്ട പലായനങ്ങളും, ആരോഗ്യ പ്രവർത്തകർ നേരിട്ട ആക്രമണങ്ങളുമൊക്കെ, പോളിയോ വാക്സിനേഷൻ യജ്ഞത്തിനു ഈ രാജ്യങ്ങളിൽ കനത്ത തിരിച്ചടിയായി.

• ഇതിന് പുറമേ IPV വാക്സിനിൽ ലോകമാകെ ഇടയ്ക്കിടെ ക്ഷാമം നേരിടാനും തുടങ്ങി. ഇത്രയും രാജ്യങ്ങളിലേക്ക് ആവശ്യത്തിനനുസരിച്ചുള്ള തോതിൽ വാക്സിന് ഉദ്‌പാദിപ്പിക്കുവാൻ കമ്പനികൾക്കാവുന്നില്ല എന്ന ലോജിസ്റ്റിക് പ്രശ്നമാണ് കാരണം. കൃത്യമായ വിതരണം ഇല്ലാതെ വരുമ്പോൾ IPV സമയത്തിന് കിട്ടാതെ വരികയും, സമൂഹത്തിൽ പൊളിയോയ്ക്കെതിരെയുണ്ടാക്കിയ പ്രതിരോധമതിലുകളിൽ വിള്ളലുകൾ വരികയും ചെയ്യാം.കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ IPVയുടെ കവറേജ്, വേണ്ടതിലും വളരെ കുറവാണ്.

• cVDPV – ലൈവ് ആയുള്ള OPV വാക്സിനുകളിലെ, ദുർബലമായ പോളിയോവൈറസുകൾ, മാസങ്ങളോളം സമൂഹത്തിൽ ചുറ്റിക്കറങ്ങുമ്പോൾ, അവയിൽ , പതിയെ ജനിതകമാറ്റങ്ങൾ സംഭവിച്ച് പരിണമിച്ചുണ്ടാവുന്ന സ്‌ട്രെയിനുകലാണ് cVDPV (circulating vaccine derived polio virus). ഇവ പോളിയോ രോഗമുണ്ടാക്കിയേക്കാം.

ഭൂരിഭാഗം കുട്ടികളും പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള സമൂഹത്തിൽ, വാക്സിൻ വൈറസുകൾ ഇങ്ങനെ ദീർഘകാലത്തേക്ക് നിലനിൽക്കുകയില്ല. ചുരുക്കി പറഞ്ഞാൽ ഇത് വാക്സിന്റെ കുഴപ്പമല്ല, മറിച്ച് സമൂഹത്തിൽ പ്രതിരോധകുത്തിവെപ്പിന്റെ നിരക്കുകൾ കുറയുമ്പോൾ ഉണ്ടാവുന്ന ഒരു പ്രശ്നമാണ്.

വൈൽഡ് പോളിയോ വൈറസിനെ പ്രതിരോധിക്കാൻ വേണ്ടുന്ന നടപടികൾ ആണ് ഇതിനും വേണ്ടത്. ഭൂരിഭാഗം കുട്ടികൾക്കും പ്രതിരോധ മരുന്നുകളും നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, അതുവഴി വാക്‌സിൻ വൈറസുകൾ ദീർഘകാലം നിലനിൽക്കാത്ത സാഹചര്യം ഉണ്ടാക്കുക. മ്യാൻമാർ പോലുള്ള പല ഏഷ്യൻ രാജ്യങ്ങളിലും ഇത്തരം cVDPV വൈറസുകൾ , കഴിഞ്ഞ വർഷം പകർച്ചവ്യാധികൾഉണ്ടാക്കിയിട്ടുണ്ട്. ഇതുപോലൊരു സാഹചര്യം ഇന്ത്യയിൽ ഒഴിവാക്കാൻ കൂടിയാണ് പൾസ്പോളിയോ ഇക്കുറി നടത്തുന്നത്.

• അയൽ രാജ്യങ്ങളിൽ ഇപ്പോഴും വൈൽഡ് പോളിയോ വൈറസിന്റെ സാന്നിധ്യം തുടരുകയും, അവിടങ്ങളിൽ കേസുകൾ കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യ കുറച്ചുകൂടി കരുതൽ എടുക്കേണ്ടതുണ്ട്. ഇതിനുപുറമേ നമ്മുടെ പ്രവാസികൾ ജോലി ചെയ്യുന്ന പല രാജ്യങ്ങളിലും നേരത്തെ പറഞ്ഞ അയൽരാജ്യങ്ങളിൽ നിന്നുമുള്ളവരും ഉണ്ട്. വിദേശയാത്രകൾ വളരെ സാധാരണമായ ഈ കാലഘട്ടത്തിൽ, മുൻകരുതലുകൾക്ക് പ്രസക്തിയുണ്ട്.

നമ്മുടെ അയൽരാജ്യങ്ങളിലെ അരക്ഷിതാവസ്‌ഥത അവസാനിപ്പിക്കുക വഴി മാത്രമേ, പോളിയോ നിർമാർജനം അടുത്തകാലത്ത് സാധ്യമാവുകയുള്ളൂ. ലോകരാഷ്ട്രങ്ങളുടെയും, ലോകസംഘടനകളുടെയും ഇച്ഛാശക്തി കൂടി ഇതിന് ആവശ്യമാണ്.

ഐ.പി.വി നമ്മുടെ നാട്ടിലെ എല്ലാ കുട്ടികൾക്കും ലഭിക്കുന്നു എന്ന് ഉറപ്പിക്കുകയാണ് ഏറ്റവും പ്രധാനമായ കാര്യം. അത് ഉറപ്പാക്കുന്നത് വരെ തുള്ളിമരുന്നുകൾ ഉപേക്ഷിക്കുക എന്നത് അപ്രായോഗികമാണ്.

തിരിച്ചടികളിൽ പതറാതെ, പുറകോട്ടു പോയതിലും വേഗത്തിൽ മുന്നോട്ടുവരാനും, ഒറ്റക്കെട്ടായിനിന്ന് കൊണ്ട്, സമീപ ഭാവിയിൽതന്നെ പോളിയോ നിർമ്മാർജ്ജനം ചെയ്യുവാനും നമ്മുക്ക് സാധ്യമാവട്ടെ.

https://www.facebook.com/infoclinicindia/posts/2652046664913161

shortlink

Related Articles

Post Your Comments

Related Articles


Back to top button