കോട്ടയം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിനു പിന്നാലെ, കോട്ടയം സി.എം.എസ്. കോളജിലും എസ്.എഫ്.ഐ. ഗുണ്ടായിസത്തിനെതിരേ വിദ്യാര്‍ഥിസമരം. മൂന്നാംവര്‍ഷ ഫിസിക്‌സ് ബിരുദവിദ്യാര്‍ഥികളായ നാലുപേരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണു വിദ്യാര്‍ഥികള്‍ സംഘടിച്ചത്.കാമ്പസ് സംഘര്‍ഷഭരിതമായതോടെ ഇന്നലെ ഉച്ചകഴിഞ്ഞ് കോളജ് അടച്ചു. തിങ്കളാഴ്‌ചയും കോളജിന് അവധിയായിരിക്കുമെന്നു പ്രിന്‍സിപ്പില്‍ റോയി സാം ദാനിയേല്‍ അറിയിച്ചു. മൂന്നാംവര്‍ഷ ഫിസിക്‌സ് ബിരുദവിദ്യാര്‍ഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ടു രണ്ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
എസ്.എഫ്.ഐ. നേതാവിന്റെ പരാതിപ്രകാരമായിരുന്നു നടപടി. എന്നാല്‍, ക്ലാസിലെ മറ്റു വിദ്യാര്‍ഥികള്‍ നടപടിക്കെതിരേ പ്രതിഷേധിച്ചു. സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചെന്നാണു പരാതി.നാലുപേര്‍ക്കു പരുക്കേറ്റു. ഇവരില്‍ യദുകൃഷ്‌ണന്‍, ജുഫെയ്‌ന്‍ എന്നിവരെ കമ്പിവടികൊണ്ട് ആക്രമിച്ചു. മര്‍ദനത്തിനു നേതൃത്വം നല്‍കിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ കോളജിലെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ സംഘടിച്ച് തടഞ്ഞു.
കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകന്‍ ഐ എസ് പരിശീലനം നേടിയിരുന്നെന്ന് പൊലീസ്
ഇതേത്തുടര്‍ന്നു സംഘര്‍ഷമുണ്ടായെങ്കിലും പിന്നീട് അയഞ്ഞു.സംഘര്‍ഷത്തില്‍ പരുക്കേറ്റവരില്‍നിന്നു കോട്ടയം വെസ്‌റ്റ് പോലീസ് മൊഴിയെടുത്തു. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ കോളജ് പ്രിന്‍സിപ്പല്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി.നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും മറ്റു കോളജുകളിലെ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് എസ്.എഫ്.ഐക്കാര്‍ എത്തിയത്. ഉച്ചയ്‌ക്ക് ഇവര്‍ വീണ്ടും ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം മൂര്‍ഛിച്ചു.
കോളജ് അധികൃതരും വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന് എസ്.എഫ്.ഐക്കാരെ തടഞ്ഞു. സംഘര്‍ഷത്തേത്തുടര്‍ന്നു പോലീസ് ലാത്തിവീശി. ഒടുവില്‍ സി.പി.എം. പ്രാദേശികനേതൃത്വം ഇടപെട്ട് പോലീസുമായി ചര്‍ച്ചനടത്തി. പോലീസ് ബലം പ്രയോഗിച്ചാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ മാറ്റിയത്.
Post Your Comments