പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജനുവരി നാളെ രാവിലെ എട്ടിന് ആരോഗ്യ സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. അഡ്വ. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി., ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത എന്നിവർ പങ്കെടുക്കും. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ വിജയത്തിന് ഏവരുടേയും സഹകരണവും മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭ്യർത്ഥിച്ചു. അഞ്ചുവയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ഞായറാഴ്ച ബൂത്ത്തല ഇമ്മ്യൂണൈസേഷനും തിങ്കളും ചൊവ്വയും പോളിയോ തുള്ളി മരുന്ന് എടുക്കാൻ വിട്ടുപോയ കുട്ടികൾക്ക് വീട് വീടാന്തരം കയറി തുള്ളിമരുന്ന് നൽകുകയും ചെയ്യുകയാണ് പരിപാടി. സംസ്ഥാനത്തെ അഞ്ചു വയസിന് താഴെയുളള കുഞ്ഞുങ്ങൾക്ക് ജനുവരി 19ന് പോളിയോ വാക്സിൻ നൽക്കുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. പരിശീലനം ലഭിച്ച ആരോഗ്യ സന്നദ്ധപ്രവർത്തകർ ഈ ദിവസം രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചു മണി വരെ പോളിയോ ബൂത്തുകളിലൂടെ പോളിയോ വാക്സിൻ വിതരണം ചെയ്യും.
റെയിൽവേ സേറ്റഷനുകളുൾപ്പെടെ ട്രാൻസിറ്റ് ബൂത്തുകൾ രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ പ്രവർത്തിക്കും. ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വന്നു പോകാനിടയുളള എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെ അഞ്ച് വയസിന് താഴെയുളള കുഞ്ഞുങ്ങൾക്കും ഈ ദിവസങ്ങളിൽ പോളിയോ വാക്സിൻ നൽകും. മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗപ്രതിരോധ ചികിത്സാപട്ടികപ്രകാരം പോളിയോ വാക്സിൻ നൽകിയിട്ടുളള കുട്ടികൾക്കും പൾസ് പോളിയോ ദിനങ്ങളിൽ പോളിയോ തുളളി മരുന്ന് നൽകണം. നവജാത ശിശുക്കൾ ഉൾപ്പെടെയുളള എല്ലാ കുട്ടികൾക്കും ഈ ദിവസം പോളിയോ വാക്സിൻ നൽകണം. പൾസ് പോളിയോ ദിനത്തിൽ വാക്സിൻ ലഭിക്കാതെ പോയ കുട്ടികളെ കണ്ടെത്തി അതിനടുത്തുളള ദിവസങ്ങളിൽ അവരുടെ വീടുകളിൽ ചെന്ന് വോളണ്ടിയർമാർ പോളിയോ തുള്ളി മരുന്ന് നൽകുന്നതിനുളള സജ്ജീകരണം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് 24,50,477 അഞ്ചു വയസിൽ താഴെയുളള കുട്ടികൾക്കാണ് പോളിയോ തുളളി മരുന്നു നൽകാൻ ലക്ഷ്യമിടുന്നത്. ഇതിനായി 24,247 വാക്സിനേഷൻ ബൂത്തുകളും (ഒരു ബൂത്തിന് രണ്ടു പരിശീലനം ലഭിച്ച വാക്സിനേറ്റർ) കൂടാതെ ട്രാൻസിറ്റ് ബൂത്തുകളും മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദർശനത്തിനായി 24,247 ടീമുകളെയും പരിശീലനം നൽകി തിരഞ്ഞെടുത്തിട്ടുണ്ട്.
Post Your Comments