ആലപ്പുഴ : അരൂര്‍ മേഴ്സി സ്കൂളിലെ കുട്ടിയുടേയും അവനെ തല്ലിയ അച്ഛന്റേയും വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധങ്ങളാണ് ഉയർന്നത്. എന്നാൽ ഇതിനെതിരെ കുട്ടിയുടെ മാതാവ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. വിചാരണയും വിധിയെഴുത്തും കഴിഞ്ഞെങ്കില്‍ എല്ലാവരും ഒന്നിതു വഴി വരണമെന്നു സംരക്ഷകര്‍ ചമഞ്ഞെത്തുന്ന നന്മ മനസുകളോട് ആ അമ്മ കൈകൂപ്പി പറയുന്നു. നീതി വാങ്ങിക്കൊടുത്തും പ്രതിഷേധിച്ചും നിങ്ങള്‍ വേദനിപ്പിക്കുന്നത്, എന്റെ മകനെയാണ്. എന്റെ കുഞ്ഞ് അനുഭവിക്കുന്ന മാനസിക വേദന എത്രത്തോളമെന്ന് കൂടി ഒന്ന് കണ്‍തുറന്ന് കാണണമെന്നും ന്നു പുറത്തിറങ്ങാന്‍ പോലുമാകാതെ നാണംകെട്ട് നൊന്തു നീറി അവനിവിടെ ഉണ്ട്.- സതീശന്‍ പൈയുടെ ഭാര്യ ശ്രീകല പറയുന്നു.
എന്റെ കുഞ്ഞിനു വേണ്ടി എന്ന മട്ടില്‍ അവനെ ഏറ്റെടുക്കണമെന്ന് പറയുന്നവര്‍ അവനെ ആഘോഷിക്കുകയല്ലേ? എന്ന് കുട്ടിയുടെ അമ്മ ചോദിക്കുന്നു. അവനെ നൊന്തു പെറ്റ അമ്മയായ ഞാൻ പറയുന്നു എന്റെ മകന്‍ അവന്റെ അച്ഛനരികില്‍ സുരക്ഷിതനാണ്.ലോകത്തിലെ ഏതൊരു കുഞ്ഞിനെക്കാളും സുരക്ഷിതന്‍. അവിടെ നിങ്ങള്‍ കണ്ട ചിത്രമല്ല എന്റെ വീട്ടിലെ അവസ്ഥ. മകനെ കൂടാതെ രണ്ടു പെണ്‍മക്കള്‍ കൂടി ഞങ്ങൾക്കുണ്ട്. മൂത്തയാളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെയാള്‍ ബാങ്ക് ടെസ്റ്റിന് തയ്യാറെടുക്കുകയാണ്. അച്ഛനോട് മൂവര്‍ക്കും വലിയ അടുപ്പമാണ്. ഞാന്‍ വീട്ടമ്മയാണ്. സമൂഹ മാധ്യമങ്ങളെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണ് ഉണ്ടായിരുന്നത്. അതു ഞങ്ങളുടെ ജീവിതം മാറ്റി മറിച്ചു. ഞങ്ങളെ അറിയാവുന്ന അയല്‍ക്കാരുടെ പിന്തുണയാണ് ഇപ്പോഴും ഞങ്ങള്‍ പിടിച്ചു നില്‍ക്കാന്‍ കാരണം. അദ്ദേഹം പറഞ്ഞതു തന്നെയാണ് സത്യം. ഒരു നിമിഷത്തെ ദേഷ്യത്തില്‍ അങ്ങനെ സംഭവിച്ചു പോയി. സംഭവിക്കാന്‍ പാടില്ലാത്തത്. അതിനര്‍ത്ഥം അദ്ദേഹം ക്രൂരനും ദുഷ്ടനുമെന്നല്ല. സ്വന്തമാണെന്ന തോന്നല്‍ ഉള്ളതു കൊണ്ടാകണം അങ്ങനെ ചെയ്തത്. അതിന്റെ പേരില്‍ ആ മനുഷ്യന്റെ മനസ് നീറുന്നത് ഞാന്‍ കാണുന്നുണ്ട്. ഇനിയും അദ്ദേഹത്തെ വിചാരണ ചെയ്യരുത്. ഞങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടരുതെന്നും അമ്മ പറയുന്നു.
അച്ഛന്റെ വിഷമം മോനും മനസിലാക്കുന്നുണ്ട്. അപ്പാ അടിച്ചതു തനിക്കു കൊണ്ടില്ലെന്നും കയ്യിലിരുന്ന പരീക്ഷാ പേപ്പറുകളിലാണ് കൊണ്ടതെന്നുമെല്ലാം പറഞ്ഞ് അവനും ആശ്വസിപ്പിക്കുന്നു.അച്ഛന്‍ തല്ലിയതിലല്ല അതിന്റെ പേരില്‍ അച്ഛനെ ആളുകള്‍ നാണം കെടുത്തിയതിൽ എന്റെ മകനിപ്പോൾ വേദനിക്കുന്നു. 13 വയസുണ്ട് അവന്. എഴുതാനും വായിക്കാനും അറിവുള്ള കുഞ്ഞാണവന്‍. സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് എല്ലാം അവന്‍ കാണുന്നുണ്ട്. ഇതെല്ലാം കണ്ട് വേദനയോടെ ഇരിപ്പാണ്. ഞാനെന്റെ കുഞ്ഞിന്റെ മനസ് കാണാനാണ് ശ്രമിച്ചത്. കളിച്ചും ചിരിച്ചും കൂട്ടുകൂടിയും അവര്‍ ഇവിടെയുണ്ട് എന്ന് പറഞ്ഞപ്പോഴും ദഹിക്കാത്ത ചില മാധ്യമങ്ങളെ കണ്ടു. മറ്റൊന്നും വേണ്ട, നാട്ടിലോ അയല്‍ പക്കത്തോ ഒന്ന് തിരക്കിയാൽ മതിയാകും. അടി കൊണ്ടതിലല്ല, അച്ഛനെ ഇങ്ങനെ ഹരാസ് ചെയ്യുന്നതിലാണ് അവന്‍ ഇപ്പോള്‍ വേദനിക്കുന്നത്.
ആ വിഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളിൽ ഇട്ടതിനെ കുറിച്ച് ആരും വാ തുറക്കുന്നു പോലുമില്ല. സ്കൂളില്‍ പ്രിന്‍സിപ്പലൊക്കെ അവനെ വിളിച്ച് ഉപദേശിച്ചു. വിഷമിക്കരുത് എന്നൊക്കെ പറഞ്ഞിട്ടും സോഷ്യല്‍ മീഡിയ ആഘോഷിച്ച അവനു നേരെ നീളുന്ന ചൂണ്ടു വിരലുകളാണ് അസഹനീയം. കളിയാക്കല്‍ ഭയന്ന് ഇന്റര്‍വെല്ലിനു പോലും പുറത്തിറങ്ങാതെ എന്റെ കുട്ടിയിരിപ്പാണ്. കുടുംബത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് പേടിയുണ്ട്. നീതി വാങ്ങിത്തരാന്‍ കൊടിപിടിച്ചിറങ്ങുന്നവര്‍ നോവിക്കുന്നത് എന്റെ കുഞ്ഞിനെയാണ്. നിങ്ങള്‍ തകര്‍ക്കാന്‍ നോക്കുന്നത് ഞങ്ങളുടെ കുടുംബത്തെയാണെന്നും വേദന എന്നു തീരും എന്ന ആശങ്കയുണ്ടെന്നും അമ്മ വേദനയോടെ പറഞ്ഞു.
Post Your Comments