അബുദബി: 2020 ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമ പ്രകാരം രണ്ടു വാഹനങ്ങള്‍ക്കിടയില്‍ മതിയായ ദൂരം പാലിക്കുന്നതിൽ പരാജയപ്പെടുന്ന വാഹനയുടമയ്ക്ക് പിഴ ശിക്ഷ നൽകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ടെയില്‍ഗേറ്റിംഗിനുള്ള പിഴ 400 ദിര്‍ഹവും നാല് ബ്ലാക്ക് പോയിന്റുമായിരിക്കും. സ്മാര്‍ട്ട് സംവിധാനത്തിലൂടെയും വിവിധ റോഡുകളില്‍ ഉറപ്പിച്ചിരിക്കുന്ന റഡാറുകളിലൂടെയും നിയമലംഘകരെ കണ്ടെത്തുമെന്ന് സേന മുന്നറിയിപ്പ് നല്‍കി.
അബുദാബിയിലെ റോഡുകളിലൂടെ മുന്നിൽ പോകുന്ന വാഹനവുമായി മതിയായ ദൂരം പാലിക്കാതെ ഓടിക്കുന്നവരെ പുതിയ സ്മാര്‍ട്ട് സംവിധാനവും റഡാറുകളും പിടികൂടുമെന്ന് ട്രാഫിക് അധികൃതര്‍ ഈ മാസം ആദ്യം പറഞ്ഞിരുന്നു.
ടെയില്‍ഗേറ്റ് ചെയ്യുന്നവർക്ക് (മുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് മതിയായ ദൂരം പാലിക്കാത്തവർക്ക്) സന്ദേശങ്ങള്‍ അയയ്ക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍ക്കരണവും ഗതാഗത നിയന്ത്രണ പ്രചാരണവും പോലീസ് നടപ്പാക്കുമെന്ന് അബുദാബി പോലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍ സെക്ടറിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ധാഹി അല്‍ ഹുമൈരി പറഞ്ഞു. ടെയില്‍ഗേറ്റിംഗ് നടത്തുന്ന ഡ്രൈവര്‍മാര്‍ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴ ചുമത്തുമെന്ന് സന്ദേശങ്ങളിലൂടെ പോലീസ് മുന്നറിയിപ്പ് നല്‍കും.
അബുദാബി പോലീസ് മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കുന്ന രീതിയിൽ ഡ്രൈവര്‍മാര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കും. വാഹനങ്ങള്‍ക്കിടയില്‍ ഒരിക്കലും മതിയായ സുരക്ഷാ ദൂരം പാലിക്കാതിരിക്കരുതെന്ന് അല്‍ ഹുമൈരി പറഞ്ഞു.
വൻ അപകടങ്ങള്‍ക്ക് കാരണമാകുന്ന ഒരു പ്രവൃത്തിയാണ് മറ്റുള്ളവരെ ടെയില്‍ഗേറ്റ് ചെയ്യുന്നതും അവരുടെ പാതയില്‍ നിന്ന് ഇറങ്ങാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ അവരെ ആശയക്കുഴപ്പത്തിലാക്കുന്നതുമായ ചില ഡ്രൈവര്‍മാരുടെ പെരുമാറ്റങ്ങള്‍. ഇവ പൂർണമായും ഒഴിവാക്കാനാണ് ഈ നിയമം. വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 2017 ലെ ട്രാഫിക് നിയന്ത്രണ നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും 178-ാം വകുപ്പ് ബാധകമാകുമെന്നും പോലീസ് പറഞ്ഞു.
Post Your Comments