KeralaLatest NewsIndia

‘ലഹരിയും അക്രമവും അയോഗ്യത’- പുതിയ നിര്‍ദേശവുമായി എസ്.എഫ്.ഐ.യുടെ സംഘടനാരേഖ

തിരുവനന്തപുരം: പേരുദോഷമുണ്ടാക്കുന്ന പ്രവര്‍ത്തനവും പെരുമാറ്റവുമല്ല സംഘടനാപ്രവര്‍ത്തനത്തിനു വേണ്ടതെന്ന നിര്‍ദേശവുമായി എസ്.എഫ്.ഐ.യുടെ സംഘടനാരേഖ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ നേതാക്കളുടെ പ്രവര്‍ത്തനം സംഘടയ്ക്കുണ്ടാക്കിയ പേരുദോഷത്തിന്റെകൂടി പശ്ചാത്തലത്തിലാണ് തിരുത്ത്. 23 വര്‍ഷം പഴക്കമുള്ള സംഘടനാരേഖ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നടപടി എസ്.എഫ്.ഐ. തുടങ്ങി.

നേതാക്കള്‍ അധികാരകേന്ദ്രങ്ങളാകുന്നത് അവസാനിപ്പിക്കണമെന്നു നിര്‍ദേശിക്കുന്ന രേഖ അക്രമത്തെ പൂര്‍ണമായും തള്ളുന്നു.വ്യക്തിശുദ്ധിയും പഠനമികവും രാഷ്ട്രീയബോധവുമാണ് സംഘടനാരംഗത്ത് അനിവാര്യം. അധ്യാപകനോടു കലഹിക്കുകയും കലാലയം അലങ്കോലമാക്കുകയും ചെയ്യുന്നത് സംഘടനാപ്രവര്‍ത്തനമല്ല. മറ്റുള്ളവര്‍ക്ക് മാതൃകയാവാത്ത വ്യക്തിത്വമുള്ളയാള്‍ക്ക് വിദ്യാര്‍ഥികളെ നയിക്കാനാവില്ല.

സീറോമലബാർ സഭയുടെ ലവ് ജിഹാദ് ആരോപണം, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി: 21 ദിവസത്തിനകം റിപ്പോര്‍ട്ട് നൽകണം

ലഹരി ഉപയോഗം ഒരുരീതിയിലും അംഗീകരിക്കില്ല. ഭാരവാഹികള്‍ അധികാര കേന്ദ്രങ്ങളാകരുത്. വിദ്യാര്‍ഥികളോടുള്ള നേതാക്കളുടെ ഇടപെടലില്‍ പ്രത്യേക ശ്രദ്ധ വേണം. അനാവശ്യ അക്രമസംഭവങ്ങളില്‍ സ്ഥിരമായി ഉള്‍പ്പെടുന്നവരെ ഭാരവാഹിത്വത്തില്‍നിന്നും സംഘടനയില്‍നിന്നും മാറ്റിനിര്‍ത്തണമെന്നും സംഘടനാരേഖ നിര്‍ദേശിക്കുന്നു. ആശയരംഗം, പൊതുജനാധിപത്യം, ഗവേഷണ മേഖല, നവമാധ്യമം, പരിസ്ഥിതി സംരക്ഷണം, ലിംഗസമത്വം എന്നിങ്ങനെ വിവിധ ഭാഗങ്ങളായാണ് കരട് തയ്യാറാക്കിയിട്ടുള്ളത്.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് പരിഗണനയും സമത്വവും ഉറപ്പാക്കേണ്ടതുണ്ട്. നവമാധ്യമം പ്രധാന ആശയപ്രചാരണ വേദിയാക്കണമെന്ന് എസ്.എഫ്.ഐ. അംഗങ്ങളോട് ആവശ്യപ്പെടുന്നു. സംസ്ഥാനതലം മുതല്‍ എല്ലാ ഘടകത്തിലും നവമാധ്യമ സമിതി രൂപവത്കരിക്കണമെന്നും നിര്‍ദേശിക്കുന്നു.പ്രവര്‍ത്തകര്‍ ചെയ്യുന്ന കുറ്റത്തിന്റെ പാപഭാരം സംഘടന ഏറ്റുവാങ്ങേണ്ട സ്ഥിതിയുണ്ടാകാറുണ്ടെന്ന വിലയിരുത്തലോടെയാണ് കരട് സംഘടനാരേഖ സംസ്ഥാനകമ്മിറ്റി തയ്യാറാക്കിയത്.

കാമ്പസുകളില്‍ ഗ്യാങ്ങുകള്‍ രൂപവത്കരിക്കുകയല്ല, രാഷ്ട്രീയബോധമുണ്ടാക്കുകയാണ് പ്രവര്‍ത്തകരുടെ കടമയെന്ന് രേഖ പറയുന്നു.കരട് സംഘടനാരേഖ ചര്‍ച്ചചെയ്യാനായി എസ്.എഫ്.ഐ. സംസ്ഥാന കണ്‍വന്‍ഷന്‍ തിരുവനന്തപുരത്ത് നടന്നു. ഇനി യൂണിറ്റ് തലംവരെ അഭിപ്രായംതേടും. ഈ നിര്‍ദേശങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് സംഘടനാരേഖയ്ക്ക് അന്തിമരൂപം നല്‍കുക. ഏരിയാകമ്മിറ്റികളില്‍നിന്ന് ഓരോ അംഗവും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാണ് സംസ്ഥാന കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button