വാഷിങ്ടൻ: ഇന്ത്യ ചൈനയുമായി അതിർത്തി പങ്കിടുന്ന വിവരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വലിയ പിടിപാടില്ലെന്നു തെളിയിക്കുകയാണ് യുഎസ് പ്രസിഡന്റ്. പുലിറ്റ്സർ പുരസ്കാരം നേടിയ വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ടർമാരായ ഫിലിപ്പ് റക്കറും കാരൾ ലിയോണിങ്ങും ചേർന്നെഴുതിയ ‘എ വെരി സ്റ്റേബിൾ ജീനിയസ്’ എന്ന പുസ്തകത്തിലാണു പരാമർശം.
ലോകത്ത് ഏറ്റവും കൂടുതൽ ദൂരം (3380 കിലോമീറ്റർ) അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഒൻപതാം സ്ഥാനത്താണ് ഇന്ത്യയും ചൈനയും. മെക്സിക്കോയുമായി യുഎസ് അതിർത്തി പങ്കിടുന്നതിനേക്കാൾ (3141 കിലോമീറ്റർ) കൂടുതലാണിത്. പ്രസിഡന്റ് പദവിയിലെത്തിയതിന്റെ ആദ്യ നാളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. സംസാരത്തിനിടെ ഇന്ത്യയും ചൈനയും അതിർത്തി പങ്കിടുന്നുണ്ടോ എന്ന ട്രംപിന്റെ ചോദ്യം കേട്ട് അമ്പരന്ന മോദിയുടെ കണ്ണു തള്ളിയതായി പുസ്തകത്തിൽ പറയുന്നു.
അതിർത്തിതർക്കത്തെ തുടർന്ന് 1962ൽ ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധവുമുണ്ടായിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ പൊതുകാര്യങ്ങളിൽ മാത്രമല്ല സ്വന്തം രാജ്യചരിത്രത്തിലും ട്രംപിനു ധാരണയില്ലെന്നതിനും പുസ്തകത്തിൽ ഉദാഹരണമുണ്ട്. 2017ൽ ഏഷ്യ യാത്രയ്ക്കിടെ ഹവായ്‌യിൽ ഇറങ്ങി പേൾ ഹാർബർ സന്ദർശിക്കുന്നതു കാര്യപരിപാടിയിൽ ഉണ്ടായിരുന്നു. പേൾ ഹാർബറിൽ യുഎസ് സൈന്യത്തിനു നേരെ ജപ്പാൻ നാവികസേനയുടെ ആക്രമണമുണ്ടായത് 1941 ഡിസംബർ ഏഴിനാണ്.
ഔദ്യോഗികമായി അമേരിക്ക രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുക്കാൻ കാരണമായത് ഈ ആക്രമണമാണ്. ഇവിടെ യുദ്ധസ്മാരകത്തിൽ പ്രണാമമർപ്പിക്കാനാണ് യുഎസ് പ്രസിഡന്റ് പോകേണ്ടിയിരുന്നത്. ‘ഹേയ് ജോൺ, എന്താണിതെല്ലാം? എന്തിനാണ് ഇങ്ങോട്ടു യാത്ര?’– വിമാനത്തിൽവച്ച് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയോടു ട്രംപ് ചോദിച്ചു. ഇതു കേട്ടതും ജോൺ ഒരു നിമിഷം അമ്പരന്നു പോയി. പേൾ ഹാർബറിലേക്കാണ് പോകുന്നതെന്ന് പറഞ്ഞു തുടങ്ങിയപ്പോൾ ചരിത്രയുദ്ധം നടന്ന സ്ഥലത്തേക്കാണ് പോകുന്നതെന്നു ബോധ്യമായ മട്ടിൽ ട്രംപ് തലകുലുക്കി. എന്നാൽ പ്രധാന്യം അത്രയൊന്നും മനസ്സിലായില്ലെന്ന് തുടർഭാവങ്ങളിൽനിന്നു മനസ്സിലായെന്നും പുസ്തകം സൂചിപ്പിക്കുന്നു.
Post Your Comments