തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ സ്യൂട്ട് ഹര്‍ജി പിണറായി സർക്കാരിന് തലവേദനയാകുന്നു. ഹർജി നൽകിയ സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് ഗവര്‍ണറുടെ ഓഫീസ്. ഹര്‍ജി ഫയൽ ചെയ്തതിനെ കുറിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും. ഭരണഘടനാ തലവൻ എന്ന നിലയിൽ ഹര്‍ജി ഫയൽ ചെയ്യുന്ന വിവരം അറിയിക്കേണ്ട ബാധ്യത ഉണ്ടായിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്ന ആക്ഷേപം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആവര്‍ത്തിച്ച് ആരോപിക്കുന്നുമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്‍റെ സുപ്രീംകോടതിയെ സമീപിക്കാനുള്ള അധികാരത്തെ ഗവർണർ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഭരണഘടനാപരമായി സംസ്ഥാനത്തിന്‍റെ തലവൻ ഗവര്‍ണറാണ്. അതുകൊണ്ടു തന്നെ ഹര്‍ജി ഫയൽ ചെയ്യും മുമ്പ് അക്കാര്യം അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. അത് ഉണ്ടായില്ലെന്നാണ് ഗവര്‍ണറുടെ ആക്ഷേപം.
റൂൾസ് ഓഫ് ബിസിനസ് പ്രകാരം ഹർജി ഫയൽ ചെയ്യും മുമ്പ് ഗവർണ്ണറുടെ അനുമതി വേണം എന്ന് വ്യവസ്ഥയാണ് രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നത്. ഭരണ ഘടനയുടെ 166 ആം അനുച്ഛേദം ചട്ടം 34(2) ഇത് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഗവര്‍ണറുടെ ഓഫീസ് വാദിക്കുന്നു. ഗവര്‍ണറുടെ അനുമതി ഇല്ലാതെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് എതിരെ നിയമ നടപടി എടുത്തെങ്കിൽ അക്കാര്യത്തിൽ വേണമെങ്കിൽ വിശദീകരണം തേടാമെന്നാണ് രാജ് ഭവൻ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
Post Your Comments