ഇന്‍റർനെറ്റ് ഡാറ്റയിലും വേഗതയിലും വിപ്ലവും സൃഷ്ടിച്ച വർഷമായിരുന്നു 2019. 5ജി പടിക്കൽ വന്നെത്തി നിൽക്കുന്നു. എന്നാൽ മൊബൈൽ സാങ്കേതിക വിദ്യയിലെ മറ്റൊരു വിപ്ലവകരമായ മാറ്റമാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ടെലികോം രംഗത്തെ തന്നെ മാറ്റി മറിക്കാൻ കെൽപ്പുള്ള പുതിയ സാങ്കേതിക വിദ്യയാണ് വൈഫൈ കോളിംഗ്. മൊബൈലിൽ റേഞ്ച് ഇല്ലെങ്കിലും കണക്ട് ചെയ്തിരിക്കുന്ന വൈഫൈ നെറ്റവർക്ക് ഉപയോഗിച്ച് ഫോണിലെ ഡയലർ വഴി സാധാരണ പോലെ കോളുകൾ ചെയ്യാമെന്നതാണ് VoWiFi അഥവാ വോയിസ് ഓവർ വൈഫൈയുടെ പ്രത്യേകത. നിലവിൽ ഇന്ത്യയിൽ ജിയോയും എയർടെല്ലുമാണ് ഈ സൗകര്യം ഉപഭോക്താക്കൾക്ക് നൽകുന്നത്.
പലർക്കുമുള്ള തെറ്റിദ്ധാരണ ഈ സൗകര്യം വിലകൂടിയ ഹൈഎൻഡ് ഫോണുകളിൽ മാത്രമേ ലഭ്യമാകൂ എന്നതാണ്. എന്നാൽ റെഡ്മിയുടെ ബഡ്ജറ്റ് ഫോണുകളിൽ പോലും ഒരാഴ്ച്ച മുമ്പ് നൽകിയ അപ്ഡേറ്റ് വഴി ഈ സൗകര്യം ഇപ്പോൾ ലഭ്യമായി തുടങ്ങി. റെഡ്മി നോട്ട് 7, റെഡ്മി 7 എന്നീ ഫോണുകളിൽ പോലും വൈഫൈ കോളിംഗ് സൗകര്യം ഇപ്പോൾ ലഭിക്കും. ഒരു സോഫ്റ്റ് വെയർ അപ്ഡേറ്റ് വഴി നൽകാവുന്ന ടെക്നോളജിയാണ് വോയിസ് ഓവർ വൈഫൈ അഥവാ വൈഫൈ കോളിംഗ്. അതിനാൽ ഫോൺ നിർമാതാക്കൾ നൽകുന്ന അപ്ഡേറ്റുകൾ ചെയ്ത ശേഷം നിങ്ങളുടെ ഫോൺ സെറ്റിംഗിൽ പരിശോധിച്ചാൽ വൈഫൈ കോളിംഗ് സൗകര്യം ലഭ്യമാണോ അല്ലയോ എന്ന് അറിയാൻ സാധിക്കും.
വാട്സാപ്പ് പോലെയുള്ള ആപ്പുകൾ കോളിംഗ് സൗകര്യം നൽകുന്നുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്താൻ രണ്ടു ഉപഭോക്താക്കൾക്കും വാട്സാപ്പിൽ അക്കൗണ്ട് വേണം. അതുപോലെ തന്നെ ഓൺലെനിലും ആയിരിക്കണം. എന്നാൽ വോ വൈഫൈ ഉപയോഗിച്ച് കോളുകൾ വിളിക്കാനും സ്വീകരിക്കാനും പ്രത്യേക അപ്ലിക്കേഷന്‍റെ ആവശ്യമില്ല.
റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ നിന്ന് പോലും വൈഫൈ നെറ്റ് വർക്ക് ഉപയോഗിച്ച് സാധാരണ കോളുകൾ നടത്തുന്നത് പോലെ കോളുകൾ വിളിക്കാനും സ്വീകരിക്കാനും സാധിക്കും. ഫോൺ നമ്പറുകൾ ഉപയോഗിച്ച് തന്നെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. പ്രത്യേകം ആപ്പ് ഇതിന് ആവശ്യമില്ല. ഫോണിലെ സെറ്റിംഗ്സിൽ തന്നെ ഇതിനുള്ള ഓപ്ഷൻ ഉണ്ട്.
ഇതോടെ മൊബൈൽ ടവറുകൾ കടന്നു ചെല്ലാത്ത വിദൂര പ്രദേശങ്ങളിൽ നിന്ന് പോലും ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ടെങ്കിൽ എളുപ്പം ഫോൺ കോളുകൾ ചെയ്യാനുള്ള സൗകര്യമാണ് ലഭിക്കുന്നത്. ഏത് ബ്രോഡ്ബാൻഡ് അല്ലെങ്കിൽ വൈഫൈ നെറ്റ് വർക്ക് ഉപയോഗിച്ചും കോളുകൾ വിളിക്കാനും സ്വീകരിക്കാനും സാധിക്കും. ജിയോ, എയർടെൽ എന്നിവയ്ക്ക് പിന്നാലെ മറ്റ് കമ്പനികളും വൈകാതെ വൈഫൈ കോളിംഗ് സൗകര്യം നൽകി തുടങ്ങും. ജിയോയുടെ 4ജി ഡാറ്റാ വിപ്ലവത്തിന് ശേഷം ഇന്ത്യൻ ടെലികോം രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സംവിധാനമായിരിക്കും വോ വൈഫൈ.
Post Your Comments