ശ്രീനഗർ: ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിമാരുടെ സംഘം എത്തുന്നു. സര്‍ക്കാര്‍ നയം വിശദീകരിക്കാനും നിലവിലെ സാഹചര്യം വിലയിരുത്താനും 36 മന്ത്രിമാരാണ് എത്തുക. ഭരണഘടനയുടെ 370–ാം അനുച്ഛേദം റദ്ദാക്കിയത്, ചരിത്രപരമായ മുന്നേറ്റമാണെന്നു കരസേന മേധാവി ജനറല്‍ എം.എം. നരവനെ പറഞ്ഞു. അതേസമയം, ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങി.
ജനങ്ങളുമായി ആശയവിനിമയം നടത്തുക, സര്‍ക്കാര്‍ നയം വിശദീകരിക്കുക, വിവിധ പദ്ധതികളുടെ നടത്തിപ്പ് പരിശോധിക്കുക, സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തല്‍ എന്നിവയാണ് ലക്ഷ്യം. രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി, വി. മുരളീധരന്‍ എന്നിവര്‍ ജമ്മുകശ്മീരിലെത്തുന്ന മന്ത്രിമാരുടെ പട്ടികയിലുണ്ട്.
സന്ദര്‍ശന വിവരം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി ചീഫ്സെക്രട്ടറിക്ക് കത്തുനല്‍കി. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം ഈ മാസം 18 മുതല്‍ 23വരെ 59 ഇടങ്ങളിലാണ് കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം.
അതിനിടെ, അഞ്ചു ജില്ലകളില്‍ 2ജി മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കി. ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍, ഹോട്ടലുകള്‍, വ്യാപാര, വിനോദ സഞ്ചാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബ്രോഡ്ബാൻഡ് ഉപയോഗത്തിനും അനുമതി നല്‍കി. കരിമ്പട്ടികയില്‍പ്പെടാത്ത വെബ് സൈറ്റുകള്‍ മാത്രമേ ലഭിക്കൂ. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ 400 ബൂത്തുകള്‍ കശ്മീര്‍ താഴ്‍വരയില്‍ സജ്ജമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും.
Post Your Comments