Latest NewsNewsIndia

ഇറാന്റെ ഖാസെം സൊലൈമാനിയെ വധിക്കാനുള്ള ട്രം‌പിന്റെ ‘ഉദ്ദേശ്യങ്ങള്‍’ കോണ്‍ഗ്രസ്‌മാന്‍ രാജ കൃഷ്ണമൂര്‍ത്തി ചോദ്യം ചെയ്തു

വാഷിംഗ്ടണ്‍: ഈ മാസം ആദ്യം ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസെം സൊലൈമാനിയെ വധിച്ച വിവാദമായ യു എസ് ഡ്രോണ്‍ ആക്രമണത്തിന് ഉത്തരവിട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ‘ഉദ്ദേശ്യ’ ത്തെ ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി ചോദ്യം ചെയ്തു. ട്രം‌പിന്റെ ഈ തീരുമാനം അദ്ദേഹത്തിന്റെ ഇംപീച്ച്മെന്‍റുമായി ബന്ധപ്പെട്ടിരിക്കാമെന്നും കൃഷ്ണമൂര്‍ത്തി സംശയം പ്രകടിപ്പിച്ചു.

സെനറ്റില്‍ ഇംപീച്ച്മെന്‍റ് വിചാരണ തീര്‍പ്പാക്കുന്നതിന് മുമ്പായി ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ പിന്തുണ ശേഖരിച്ചതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ട്രം‌പ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇം‌പീച്ച്മെന്റില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രമായിരിക്കാം ഖാസെം സൊലൈമാനിയുടെ വധത്തിലേക്ക് ട്രം‌പിനെ നയിച്ചത്. തിങ്കളാഴ്ച സി എന്‍ എന്നുമായുള്ള അഭിമുഖത്തിനിടെ, ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയില്‍ അംഗമായ ഇല്ലിനോയിസില്‍ നിന്നുള്ള ഡെമോക്രാറ്റായ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

“അതാണ് ആക്രമണത്തിന്‍റെ പ്രചോദനമെങ്കില്‍, അതൊരു പ്രശ്നമാണ്,” കൃഷ്ണമൂര്‍ത്തി പറഞ്ഞു. ട്രം‌പിന്റെ നിരവധി ട്വീറ്റുകളില്‍ ഇംപീച്ച്മെന്‍റ് പ്രശ്നവും സോളിമാനിക്കെതിരായ ആക്രമണവും അദ്ദേഹം കൂട്ടിക്കുഴയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതിന്റെ പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ എന്താണെന്ന ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്.

“നമ്മള്‍ക്ക് ഇറാനുമായി യുദ്ധത്തിന് പോകാന്‍ കഴിയില്ല,” കൃഷ്ണമൂര്‍ത്തി ഉറപ്പിച്ചു പറഞ്ഞു. “അത്തരം ആക്രമണാത്മക ശത്രുത അല്ലെങ്കില്‍ ‘ഇറാനിയന്‍’ ഭരണകൂടത്തിനെതിരെ ഒരു സൈനിക നടപടി തുടങ്ങിയാല്‍, അതിനര്‍ത്ഥം നാം യുദ്ധത്തിനോട് അടുക്കുന്നു എന്നാണ്,” കൃഷ്ണമൂര്‍ത്തി ചൂണ്ടിക്കാട്ടി.

ജനപ്രതിനിധി സഭയില്‍ ഡിസംബറില്‍ ഇംപീച്ച്മെന്‍റിനെത്തുടര്‍ന്ന് വിചാരണ തീര്‍പ്പാക്കാത്തതിനാല്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെ പിന്തുണ സംരക്ഷിക്കണമെന്ന് ട്രംപ് സഹകാരികളോട് പറഞ്ഞതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അര്‍ക്കന്‍സാസിലെ ജിഒപി സെനറ്റര്‍ ടോം കോട്ടനെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ പൗരന്മാരെ മരണത്തിലേക്ക് നയിക്കുന്ന ‘ആസന്നമായ’ ആക്രമണങ്ങള്‍ സൊലൈമാനിയായിരുന്നു ആസൂത്രണം ചെയ്തിരുന്നതെന്ന് ട്രംപും അദ്ദേഹത്തിന്‍റെ ഭരണകൂടവും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മിഡില്‍ ഈസ്റ്റിലെ നാല് യുഎസ് എംബസികള്‍ ലക്ഷ്യം ചെയ്തിരുന്നെന്ന് വിശ്വസിക്കുന്നതായി ട്രംപ് ഫോക്സ് ന്യൂസ് ഹോസ്റ്റ് ലോറ ഇന്‍ഗ്രാഹാമിനോട് പറഞ്ഞു. എംബസികള്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് പ്രത്യേക രഹസ്യാന്വേഷണ വിഭാഗം പരാമര്‍ശിച്ചിട്ടില്ലെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ ഞായറാഴ്ച പറഞ്ഞു.

ഖാസെം സൊലൈമാനിയെ ലക്ഷ്യമിട്ട് അദ്ദേഹത്തെ കൊലപ്പെടുത്തിയതിനെതിരെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. സൊലൈമാനിയുടെ ഭീഷണി ‘ആസന്നമാണ്’ എന്ന് അദ്ദേഹം നിരന്തരം അവകാശപ്പെട്ടിരുന്നെങ്കിലും, ‘എവിടെ’ അല്ലെങ്കില്‍ ‘എപ്പോള്‍’ ആക്രമണം നടക്കുമെന്ന് തനിക്ക് അറിയില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ‘ആസന്നം’ എന്നതിന്‍റെ നിര്‍വചനവുമായി പോം‌പിയോയുടെ വിശദീകരണം പൊരുത്തപ്പെടുന്നില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

അങ്ങനെ ഒരു ഭീഷണി ‘ആസന്ന’മായിരുന്നുവെങ്കില്‍, ട്രം‌പ് ഭരണകൂടം അവകാശപ്പെടുന്നതുപോലെ, പ്രതിരോധ നടപടിയായി ട്രംപിന് തന്‍റെ തീരുമാനത്തെ ന്യായീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഡെമോക്രാറ്റിക് നിയമ നിര്‍മ്മാതാക്കളും ചില റിപ്പബ്ലിക്കന്‍മാരും ട്രംപിന്‍റെ വാദത്തെക്കുറിച്ച് കാര്യമായ സംശയം ഉന്നയിച്ചിട്ടുണ്ട്, പ്രത്യേകിച്ചും കഴിഞ്ഞയാഴ്ച കോണ്‍ഗ്രസുമായുള്ള ഒരു ചര്‍ച്ചയ്ക്ക് ശേഷം.

“ആ ആക്രമണത്തിന്‍റെ സ്വഭാവം എന്തായിരുന്നു? എപ്പോള്‍, എവിടെയാണ് ഇത് സംഭവിക്കുക? ആരാണ് ഇത് നടപ്പിലാക്കുക? മുതലായ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അവര്‍ വിസമ്മതിച്ചു,” യൂട്ടയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്ക് ലീ ബ്രീഫിംഗിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഖാസെം സൊലൈമാനി കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിനായി ‘ഇറാനുമായി യുദ്ധം ആരംഭിക്കുമെന്ന്’ 2011, 2012 വര്‍ഷങ്ങളില്‍ ട്രം‌പ് വാദിച്ചിരുന്നുവെന്ന് പല ട്രംപ് വിമര്‍ശകരും ശ്രദ്ധിക്കാന്‍ തുടങ്ങി. വാസ്തവത്തില്‍, ഒബാമ ഒരു യുദ്ധം ആരംഭിച്ചില്ല, മറിച്ച്, യൂറോപ്യന്‍ യൂണിയന്‍, യുണെറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം 2015 ലെ സംയുക്ത സമഗ്ര പദ്ധതിയില്‍ (ജെസിപിഒഎ) ഒപ്പുവെയ്ക്കുകയായിരുന്നു.

ഇറാന്‍ ആണവകരാര്‍ എന്നറിയപ്പെടുന്ന ജെസിപിഒഎ ആണവ പദ്ധതി തടയുന്നതിന് പകരമായി ഇറാന്‍ ഉപരോധവും അന്താരാഷ്ട്ര നിക്ഷേപവും വാഗ്ദാനം ചെയ്തു. ആണവായുധം സ്വന്തമാക്കാനുള്ള ഇറാന്‍റെ കഴിവ് കരാര്‍ ഫലപ്രദമായി കുറച്ചതായും മിഡില്‍ ഈസ്റ്റിലുടനീളമുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രോക്സി ഗ്രൂപ്പുകളുടെ ആക്രമണത്തില്‍ കുറവു വന്നതുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍, ഒബാമയുടെ കടുത്ത വിമര്‍ശകനായ ട്രംപ് 2018 മെയ് മാസത്തില്‍ ഇറാനെതിരായ ഉപരോധം വീണ്ടും ഏര്‍പ്പെടുത്തി കരാറില്‍ നിന്ന് പിന്മാറി. അതിനുശേഷം ടെഹ്റാനും വാഷിംഗ്ടണും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button