തൊടുപുഴ: തൊടുപുഴയില്‍ മുത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടക്കുന്നത്. മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ 12 അംഗ സിഐടിയു സംഘം മര്‍ദ്ദിക്കുകയായിരുന്നു. മാനേജര്‍ ജോയ്, മറ്റൊരു ജീവനക്കാരന്‍ നവീന്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരില്‍ ഒരാളുടെ കണ്ണിനും മുഖത്തും മറ്റേയാളുടെ ശരീരം മുഴുവനും പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ തൊടുപുഴയിലെ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് ആശുപത്രിയില്‍ എത്തി മർദ്ദനത്തിനിരയായവരുടെ മൊഴിയെടുത്തു.
ഹൈക്കോടതി സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും റീജണല്‍ ഓഫീസുകള്‍ക്കും പോലിസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്നലെ ശാഖ സുഗമമായി തുറന്ന് പ്രവര്‍ത്തിച്ചതിനാല്‍ പൊലീസിന്‍റെ സംരക്ഷണം ഇന്ന് ഉണ്ടായിരുന്നില്ല.
കേരളത്തിലെ എല്ലാ മുത്തൂറ്റ് ബ്രാഞ്ച് മാനേജർമാരും അതാത് ശാഖകളില്‍ ജോലി ചെയ്യാൻ സന്നദ്ധത അറിയിക്കുന്ന തൊഴിലാളികളുടെ പേര് വിവരങ്ങൾ സ്ഥലത്തെ പോലിസ് സ്റ്റേഷനിൽ അറിയിക്കണം. സ്ഥാപനത്തിനും ജീവനക്കാർക്കും സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം പൊലീസിനായിരിക്കുമെന്നും കോടതി അറിയിച്ചിരുന്നു.
Post Your Comments