ന്യൂ ഡൽഹി : രാജ്യത്തിനു വേണ്ടി എന്താണ് ചെയ്യാൻ പോകുന്നതെന്ന് ജനങ്ങളോട് പറയാൻ ധൈര്യമുണ്ടോയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് പാർട്ടി വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു വെല്ലുവിളി. എന്തുകൊണ്ടാണ് ഇന്ത്യൻ സന്പദ്വ്യവസ്ഥ ദുരന്തമായി മാറിയതെന്ന് യുവാക്കളോട് പറയാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ ചോദിച്ചു. പ്രധാനമന്ത്രിക്ക് ഇപ്പോൾ രാജ്യത്തെ യുവജനങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യമില്ല. ഏതെങ്കിലും സർവകലാശാലയിൽ പോകാനോ പോലീസില്ലാതെ അവിടെ നിൽക്കാനോ അദ്ദേഹത്തിന് സാധിക്കില്ല. യുവാക്കളുടെ പ്രശ്നം പരിഹരിക്കുന്നതിന് പകരം രാജ്യത്തെ വ്യതിചലിപ്പിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. യുവാക്കളുടെ ശബ്ദം നിയമാനുസൃതമാണ്. അത് അടിച്ചമർത്താൻ പാടില്ല. ഇക്കാര്യങ്ങൾ സർക്കാർ ശ്രദ്ധിയ്ക്കണമെന്നും രാഹുൽ വ്യക്തമാക്കി.
Also read : പൗരത്വ പ്രതിഷേധ ചർച്ച: കോണ്‍ഗ്രസ് വിളിച്ച യോഗം ബഹിഷ്കരിച്ച് ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിൽ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വ റജിസ്റ്റര്‍ അസമിന് വേണ്ടി മാത്രമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. അതേസമയം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പൗരത്വ ഭേദഗതി നിയമത്തെ ജെഡിയു പാര്‍ലമെന്റില്‍ അനുകൂലിച്ചിട്ടുമുണ്ട്.
അതേസമയം പൗരത്വ ഭേദഗതി നിയമം യുപി നടപ്പാക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനായി പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് യുപി സര്‍ക്കാര്‍ കൈമാറി. നാല്പതിനായിരത്തോളം മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ യുപിയിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന് നല്കിയ കണക്കിൽ പറയുന്നത്. കൂടാതെ അഭയാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കാനും സംസ്ഥാന ആഭ്യന്തര വകുപ്പ് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments