
തിരുവനന്തപുരം : ഡിസംബര്‍ 29 ന് ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് രണ്ട് പേര്‍ക്ക് . രണ്ട് അപകടങ്ങളും ഉണ്ടാക്കിയത് ഒരേ കാറെന്നാണ് പൊലീസ് നിഗമനം. രണ്ട് പേര്‍ മരിച്ച വാഹനാപകടത്തിന് ദൃക്‌സാക്ഷികളില്ലാത്തതും സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാകാത്തതുമാണ് പൊലീസിന് വിനയായത്. രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ വാഹനാപകടത്തിന് ഉത്തരവാദിയെന്നു കരുതുന്ന ചാരനിറത്തിലുള്ള കാറിനെയും ഡ്രൈവറിനെയും കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. വെള്ളയമ്പലം-ശാസ്തമംഗലം റോഡില്‍ ഡിസംബര്‍ 29 ന് രാത്രി ഒന്‍പതിനു നടന്ന അപകടത്തില്‍ നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് കോളജിലെ നാലാം വര്‍ഷ നിയമവിദ്യാര്‍ഥി ആദിത്യ ബി. മനോജ് (22), ഊബര്‍ ഈറ്റ്സ് ഭക്ഷണവിതരണക്കാരനായ അബ്ദുല്‍ റഹീം (44) എന്നിവരാണു മരിച്ചത്.
ആദിത്യ ബൈക്കില്‍നിന്ന് തെറിച്ചുവീണും അബ്ദുല്‍ റഹീം റോഡ് മുറിച്ചു കടക്കുമ്പോഴുമാണ് അപകടത്തില്‍പ്പെട്ടത്. ആദിത്യ സഞ്ചരിച്ച ബൈക്കിനു തൊട്ടടുത്തായി സഞ്ചരിച്ച കാര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണു പൊലീസിന്റെ നിഗമനം. എന്നാല്‍ റോഡരികിലെ വ്യാപാര സ്ഥാപനത്തിന്റെ ക്യാമറയില്‍നിന്നു ശേഖരിച്ച ദൃശ്യങ്ങളില്‍ കാര്‍ ഇരുവരെയും തട്ടിയിടുന്ന ദൃശ്യങ്ങള്‍ ഇല്ല. ആദിത്യയുടെ ബൈക്കിനു മുന്നില്‍നിന്ന് ലഭിച്ച രക്തസാംപിളുകള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
റോഡിന് എതിര്‍വശത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുത്തശേഷം അബ്ദുല്‍ റഹീം സുഹൃത്തിനോടൊപ്പം റോഡ് മുറിച്ചു കടക്കാന്‍ വരുന്നതു ദൃശ്യങ്ങളില്‍ അവ്യക്തമായി കാണാം. സുഹൃത്ത് ആദ്യം റോഡ് മുറിച്ചു കടക്കുമ്പോള്‍ അബ്ദുല്‍ റഹീം മീഡിയനില്‍ നില്‍ക്കുന്നു. ഒരു കാര്‍ കടന്നുപോയശേഷം അബ്ദുല്‍ റഹീം റോഡിന്റെ മറുവശത്തേക്കു പോകുന്നു. തൊട്ടുപിന്നാലെ പൊലീസ് സംശയിക്കുന്ന കാറിനെ ഇടതു വശത്തു നിന്നു മറികടന്ന് ആദിത്യയുടെ ബൈക്ക് മുന്നോട്ടു പോകുന്നതും പിന്നീടു ബൈക്കില്‍ നിന്നു വലതു ഭാഗത്തേക്കു ശക്തിയായി തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഈ സമയത്താണു അബ്ദുല്‍ റഹീമും അപകടത്തില്‍പെട്ടത്. പക്ഷേ, അപകടം എങ്ങനെ സംഭവിച്ചു എന്നത് ദൃശ്യങ്ങളിലില്ല. ക്യാമറയ്ക്കു മുന്നിലെ ബോര്‍ഡും മരങ്ങളുമാണു ദൃശ്യങ്ങള്‍ ലഭിക്കാന്‍ തടസമായത്. ബൈക്ക് വീണ് 5 സെക്കന്‍ഡുകള്‍ക്കുശേഷം കാര്‍ പതുക്കെ മുന്നോട്ടുവരുന്നതും റോഡിന് ഇടതുവശത്തു ഒതുക്കിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ നടന്നു വന്നു പരിസരം നീരീക്ഷിച്ച ശേഷം മടങ്ങിപോകുന്നുണ്ട്. അപകടത്തിനു കാരണമായ കാറിന്റെ ഡ്രൈവറാകാമെന്ന നിഗമനത്തില്‍ ഇയാളെ കണ്ടെത്താന്‍ ശ്രമം നടക്കുന്നു
രേഖാചിത്രം തയാറാക്കുന്ന നടപടികളും ആരംഭിച്ചു. ആര്‍ടി ഓഫിസുകളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇതേ മോഡല്‍ കാറുകളുടെ വിവരം ശേഖരിക്കുകയാണ് പൊലീസ്. തിരക്കേറിയ റോഡായിട്ടും ദൃക്‌സാക്ഷികളില്ലാത്തതും പൊലീസിനെ വലയ്ക്കുന്നുണ്ട്. പെട്ടെന്ന് ഒച്ചകേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ബൈക്ക് റോഡില്‍ കിടക്കുന്നത് കണ്ടെന്നാണു സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്. അബ്ദുല്‍ റഹീമിന്റെ സുഹൃത്തും ശബ്ദംകേട്ടാണു തിരിഞ്ഞു നോക്കിയത്.
രണ്ടു കാരണങ്ങളാല്‍ അപകടം ഉണ്ടാകാമെന്നു പൊലീസ് പറയുന്നു. ഒന്ന്, അമിതവേഗത്തില്‍ വന്ന കാര്‍ അപകടത്തിനു കാരണമായി. രണ്ട്, കാറിനെ ഇടതുവശത്തുകൂടി മറികടക്കാന്‍ ശ്രമിച്ച ആദിത്യ റോഡ് മുറിച്ചു കടന്ന അബ്ദുല്‍ റഹീമിനെ കണ്ടില്ല. ഇയാളെ ഇടിച്ചശേഷം നിയന്ത്രണം വിട്ടു കാറിനു മുന്നിലേക്ക് വീണു. കാര്‍ ഓടിച്ചയാളെ കണ്ടെത്തിയാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. അബ്ദുല്‍ റഹീം സംഭവസ്ഥലത്തും ആദിത്യ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കിടെയുമാണു മരിച്ചത്. വീട്ടുകാരുടെ തീരുമാനപ്രകാരം ആദിത്യയുടെ അവയവങ്ങള്‍ ദാനം ചെയ്തു. അപകട കാരണം കാറിന്റെ അമിത വേഗമെന്നാണ് ആദിത്യയുടെ ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments