ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്തത് ധീരതയ്ക്ക് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് രാഷ്ട്രപതിയില്‍ നിന്ന് ദേവേന്ദ്രസിങ് ധീരതയ്ക്കുള്ള മെഡല്‍ സ്വീകരിച്ചത്. ഡിഎസ്പിയായ ദേവേന്ദ്ര സിങ്ങിനെയാണ് ജമ്മുകശ്മീര്‍ പോലീസ് ശനിയാഴ്ച ഭീകരർക്കൊപ്പം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പോലീസ് കണ്ടെടുത്തു. പിടിയിലാവുമ്ബോള്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു തീവ്രവാദികള്‍.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ നവീന്‍ ബാബുവിനൊപ്പമാണ് ദേവേന്ദ്രസിങ്ങിനെ അറസ്റ്റ് ചെയ്തത്. കശ്മീരികളല്ലാത്ത 11 പേരെ കൊന്ന കേസില്‍ പ്രതിയാണിയാള്‍. തുടര്‍ന്ന് ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിനിടെ രണ്ട് എ.കെ47 തോക്കുകളും കണ്ടെടുത്തുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ദേവേന്ദ്ര സിങ്ങിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഹൈജാക്കിങ് വിരുദ്ധ സ്‌ക്വാഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ദേവേന്ദ്ര സിങ്. മാത്രമല്ല ഇയാള്‍ കശ്മീരിലെ ഭീകരവിരുദ്ധ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു.
Post Your Comments