ഇന്ത്യയെ കഷണങ്ങളാക്കാന്‍ മുദ്രാവാക്യം മുഴക്കുന്ന ടുക്കടേ ഗ്യാങ്ങിനെതിരേയും അവരെ പിന്നില്‍ നിന്ന് സഹായിയ്ക്കുന്നവര്‍ക്കെതിരെയും അതിശക്തമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ‘നിയമത്തില്‍ പഴുതുകള്‍ ഇല്ലാതിരിക്കാനാണ് ഏതൊക്കെ മതക്കാര്‍ക്കാണ് പൗരത്വ ഭേദഗതി നിയമത്തില്‍ ഇളവ് ലഭിയ്ക്കുന്നതെന്ന് വ്യക്തമായി എഴുതി നിയമമാക്കിയത്. പാകിസ്ഥാനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് അവര്‍ സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞു. പിന്നെ അവിടുള്ള ഇസ്ലാം അല്ലാത്തവര്‍ക്ക് മതപീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചാല്‍ അവര്‍ക്ക് ഇളവ് നല്‍കുന്നതില്‍ എന്താണ് കുഴപ്പം?
ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍, പതിനൊന്നും പന്ത്രണ്ടൂം വയസ്സായ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുമ്പോള്‍, ബലാത്സംഗം ചെയ്യപ്പെട്ട് അതില്‍ നിന്ന് രക്ഷപെടാന്‍ ഇന്ത്യയില്‍ അഭയം പ്രാപിക്കുമ്പോള്‍ അവര്‍ക്ക് ഇടം നല്‍കണ്ടേ?’ സ്മൃതി ചോദിച്ചു. പാകിസ്ഥാനിലെ ന്യൂനപക്ഷപീഡനങ്ങളെപ്പറ്റിയും കേന്ദ്രമന്ത്രി വിശദമായി സംസാരിച്ചു. ഇന്ത്യന്‍ എക്സ്പ്രസ്സ് സംഘടിപ്പിച്ച തിങ്ക് എഡ്യു 2020 (#ThinkEdu2020) കോണ്‍ക്ലേവിലാണ് കേന്ദ്ര മാതൃശിശു സംരക്ഷണ മന്ത്രി തന്റെ മനസ്സു തുറന്നത്.
‘മുംബൈയില്‍ പത്തുകൊല്ലം ജീവിച്ചയാളാണ് താന്‍. അവിടെ നരിമന്‍ പോയിന്റില്‍ ഒരു ഹബാദ് ഹൗസ് (ജൂത ആരാധനാലയം) ഉണ്ടെന്ന് എനിയ്ക്കറിയില്ലായിരുന്നു. പക്ഷേ പാകിസ്ഥാനില്‍ നിന്ന് 26/11 സമയത്ത് ഈ മണ്ണില്‍ നുഴഞ്ഞുകയറി വന്ന ഭീകരവാദികള്‍ ആ ഹബാദ് ഹൗസ് കണ്ടെത്തി അവിടെയുണ്ടായിരുന്ന ഗര്‍ഭിണിയായ ജൂത സ്ത്രീയെ വെടിവച്ചുകൊന്നു. നമ്മുടെ രാജ്യത്തുള്ളവര്‍ അവിടെ അങ്ങനെയൊരു ആരാധനാലയം ഉണ്ടെന്ന് പോലും ശ്രദ്ധിയ്ക്കാത്തപ്പോള്‍ പാകിസ്ഥാനില്‍ നിന്ന് മുംബൈയിലെത്തിയ ഭീകരവാദികള്‍ ആ ഗര്‍ഭിണിയായ വനിതയെ ഒരു ജൂത സ്ത്രീയായതുകൊണ്ട് മാത്രം കൊലപ്പെടുത്തി. ഇതാണ് പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളോട് ചെയ്യുന്നത്.
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള കാലതാമസം ഒഴിവാക്കണമെന്നതിന് ഇനിയുമധികം തെളിവാവശ്യമുണ്ടോ?’ കേന്ദ്രമന്ത്രി ചോദിച്ചു.’ആദിഗുരു ഗുരുനാനാകിന്റെ ജന്മസ്ഥലമായ നങ്കാന സാഹിബില്‍ എന്താണ് നടന്നത്? ഹിന്ദുവായതുകൊണ്ടാണോ അവിടത്തെ ഗ്രന്ഥിയുടെ മകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയത്? അവള്‍ സിഖ് ആയിരുന്നു. എന്റെ രാഷ്ട്രം ഹിന്ദുക്കള്‍ക്ക് മാത്രമല്ല, പാര്‍സികള്‍ക്ക്, സിഖുകാര്‍ക്ക്, ബൗദ്ധര്‍ക്ക്, ജൈനര്‍ക്ക്, ക്രിസ്ത്യാനികള്‍ക്ക് ഒക്കെ അഭയം നല്‍കാന്‍, പൗരത്വം നല്‍കാന്‍ കാലാവധിയില്‍ ഇളവനുവദിച്ചു എന്നുള്ളതില്‍ ഞാന്‍ അതിയായ സന്തോഷവതിയാണ്. അതിയായി അതില്‍ അഭിമാനം കൊള്ളുകയാണ്’ സ്മൃതി വ്യക്തമാക്കി.
‘ഹിന്ദുക്കളും സിഖുകാരും പാകിസ്ഥാനില്‍ സുരക്ഷിതരല്ലെന്ന് വന്നാല്‍ അവര്‍ക്ക് അന്തസ്സായ ജീവിതമൊരുക്കാന്‍ ഇന്ത്യ ബാദ്ധ്യതപ്പെട്ടവളാണെന്ന് മഹാത്മാഗാന്ധിയാണ് പറഞ്ഞതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. ‘എന്റെ മുത്തശ്ശി ബംഗ്ലാദേശിലെ മതപീഡനം കാരണം ആസാമിലേക്ക് കുടിയേറിയതാണ്. എന്റെ മുത്തച്ഛന്‍ ലാഹോറില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലഭയം പ്രാപിച്ചയാളുമാണ്.’ അഭയാര്‍ത്ഥികളുടെ വേദനകള്‍ എനിയ്ക്ക് നേരിട്ടറിയാം’ അവര്‍ പറഞ്ഞു.ഡല്‍ഹിയില്‍ ആക്രമണമഴിച്ചുവിട്ട ജാമിയ മിലിയയിലേയും ജെ എന്‍ യുവിലേയും തുക്കടേ തുക്കടേ ഗ്യാങ്ങിനെതിരേയും സ്മൃതി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
‘ഒരു യൂണിഫോമിട്ട ഓഫീസറുടെ നേര്‍ക്ക് പാകിസ്ഥാനു വേണ്ടി കല്ലെടുത്തെറിയാന്‍ എന്തെങ്കിലും കാരണമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പാകിസ്ഥാനു വേണ്ടി ഇന്ത്യന്‍ നികുതിദായകന്‍ പണം നല്‍കി വാങ്ങിയ ഒരു ബസ് കത്തിയ്ക്കുന്നതില്‍ എന്തെങ്കിലും കാരണമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കാശ്മീരിനെ മോചിപ്പിക്കൂ എന്ന് വിളിച്ചു പറയാന്‍ ഒരു കാരണവുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കാശ്മീരിനെ എവിടെയും മോചിപ്പിക്കാന്‍ പോകുന്നില്ല. അത് പറഞ്ഞാല്‍ ഞാന്‍ മതേതര അല്ലാതാവുമെങ്കില്‍ ആ മതേതരത്വം ഞാനങ്ങ് വേണ്ടെന്ന് വയ്ക്കും.
സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ആഘോഷങ്ങള്‍ നടത്തിയവര്‍ക്ക് മുന്നില്‍ പോയി നില്‍ക്കാന്‍ ഒരു കാരണവും ഞാന്‍ കരുതുന്നില്ല. ഇന്ത്യയെ കഷണം കഷണമാക്കുമെന്ന് മുദ്രാവാക്യം മുഴക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല’… കേന്ദ്രമന്ത്രി വ്യക്തമാക്കി.ദീപിക പദുക്കോണ്‍ ജെ എന്‍ യുവിലെത്തിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ അവരുടെ രാഷ്ട്രീയചായ്‌വൊക്കെ എല്ലാവര്‍ക്കുമറിയാവുന്നതല്ലേ എന്നാണ് മറുപടി പറഞ്ഞത്. അവരുടെ സ്വാതന്ത്ര്യമാണതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘അവര്‍ക്കറിയാം അവര്‍ നില്‍ക്കുന്നത് ഇന്ത്യയെ തകര്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നവരുടെ കൂടെയാണെന്ന്. അവര്‍ക്കറിയാം അവര്‍ നില്‍ക്കുന്നത് സി ആര്‍ പി എഫ് ജവാന്മാരെ കൊലപ്പെടുത്തിയതിനെ ആഘോഷിച്ചവര്‍ക്കൊപ്പമാണെന്ന്. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ലാത്തികൊണ്ടടിച്ച അക്രമികള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് അവര്‍ക്കറിയാമായിരുന്നു… അത് അവരുടെ സ്വാതന്ത്ര്യം. 2011-ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നെന്ന് പറഞ്ഞ അവര്‍ പിന്നെന്ത് ചെയ്യുമെന്നാണ് കരുതുന്നത്?’ സ്മൃതി കൂട്ടിച്ചേർത്തു.
‘നരേന്ദ്രമോദിയോട് ദേഷ്യമുണ്ടെങ്കില്‍ പണക്കാരനല്ലാത്ത, ജീവിക്കാനായി പോലീസില്‍ച്ചേര്‍ന്ന സാധാരണ പോലീസ് ഓഫീസറെ തല്ലിച്ചതയ്ക്കുകയാണോ വേണ്ടത്? ബലൂചിസ്ഥാനില്‍ നിന്ന് ബലാത്സംഗം ചെയ്യപ്പെട്ട് രക്ഷപെട്ടോടി ഇന്ത്യയിലെത്തിയ പാവങ്ങള്‍ക്ക് അഭയം നല്‍കിയതിനാണോ പോലീസുകാരെ ഈ വിദ്യാര്‍ത്ഥികള്‍ തല്ലുന്നത് ? ചില ഗാന്ധിമാര്‍ ജെ എന്‍ യുവില്‍ ചെന്ന് പറയുകയാണ് നിങ്ങള്‍ ഇന്ത്യയെ കഷണം കഷണമാക്കും എന്ന് വിളിച്ചോളൂ എന്ന്. ഇതൊന്നും അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. അവര്‍ക്ക് അതൊക്കെ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്‍ ജനാധിപത്യപരമായി അതിനെ എതിര്‍ക്കാനുള്ള അവകാശം എനിക്കുമുണ്ട്’. ശക്തമായ ഭാഷയില്‍ സ്മൃതി ഇറാനി പ്രതികരിച്ചു.
Post Your Comments