ന്യൂഡൽഹി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങള്‍ വാങ്ങുന്നതിന് പുതിയ സംവിധാനം തയ്യാറാക്കുമെന്ന് സുപ്രീം കോടതി . പൂജാസാധനങ്ങള്‍ വാങ്ങുന്നതിനുള്ള നയം തയ്യാറാക്കുന്നതിന് ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.1200 ഓളം ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങുന്നത് പുതിയ പ്രശ്‌നങ്ങള്‍ക്കിടയാക്കും .
അതുകൊണ്ടാണ് ഭക്തരുടെ താത്പര്യവും ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അഭിപ്രായവും കണക്കിലെടുത്ത് പൂജാസാധനങ്ങള്‍ വാങ്ങുന്നതിന് പുതിയ സംവിധാനം തയ്യാറാക്കുന്നതെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സമിതിയിലേക്ക് ഉള്‍പ്പെടുത്തേണ്ട വിരമിച്ച രണ്ടോ മൂന്നോ ജഡ്ജിമാരുടെ പേരുകള്‍ കൈമാറാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. അതിന് ബോർഡിന്റെ അഭിപ്രായമല്ല , മറിച്ച് വ്യക്തി എന്ന നിലയിൽ ഗിരി പേരുകള്‍ കൈമാറിയാൽ മതിയെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിര്‍ദേശിച്ചു.
പൂജാസാധനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവില്‍ സാധനങ്ങള്‍ വാങ്ങുന്നത് പരിശോധിക്കാന്‍ വിജിലന്‍സ് സംഘം ഉണ്ടെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു.എന്നാല്‍ നാല് വിജിലന്‍സ് അംഗങ്ങളുടെ പരിശോധന ഫലപ്രദമാകില്ല.എവിടെയോ എന്തൊക്കെയോ പോരായ്മ ഉള്ളതുകൊണ്ടാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ വസ്തുതകള്‍ അറിയാമായിരിക്കാമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
Post Your Comments