മലപ്പുറം: ഡോക്ടര്‍മാരെ വഴിയില്‍ തടഞ്ഞുവച്ച് സദാചാര ഗുണ്ടായിസം. മലപ്പുറം കൊളത്തൂരിനടുത്ത് എരുമത്തടത്താണു സംഭവം. സുഹൃത്തുക്കളായ യുവ ഡോക്ടറെയും വനിതാ സുഹൃത്തിനെയും അഞ്ചംഗ സംഘം തടഞ്ഞുവച്ചു പണം തട്ടിയെടുക്കുകയായിരുന്നു. മലപ്പുറം കൊളത്തൂര്‍ സ്വദേശികളായ ജുബൈസ്, മുഹമ്മദ് മുഹ്സിന്, നബീല്‍, അബ്ദുല്‍ ഗഫൂര്‍, സതീഷ്കുമാര്‍ എന്നിവരാണു പിടിയിലായതെന്നു പോലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി കൊളത്തൂര്‍ എരുമത്തടത്ത് റോഡരികില്‍ കാര്‍ നിര്‍ത്തി സംസാരിക്കുന്നതിനിടെയാണു ഡോക്ടര്‍മാരെ ബൈക്കില്‍ പിന്തുടര്ന്നെത്തിയ സംഘം തടഞ്ഞുവച്ചത്. 50,000 രൂപ തന്നാല്‍ വിടാമെന്നു പറഞ്ഞ അക്രമി സംഘം ഇവരുടെ കൈയില്‍നിന്ന് എടിഎം കാര്‍ഡും പിന് നമ്പറും ബലമായി പിടിച്ചുവാങ്ങി. തുടര്‍ന്ന് സമീപത്തെ എടിഎം കൗണ്ടറില്‍നിന്ന് 17,000 രൂപയെടുത്തു.
പിന്നീട് ഡോക്ടര്‍മാരുടെ കൈയിലുണ്ടായിരുന്ന 3000 രൂപയും തട്ടിയെടുത്തശേഷമാണു സംഘം മടങ്ങിയത്. അഞ്ചു മണിക്കൂറോളം ഇവരെ തടഞ്ഞുവച്ചു. കൂടാതെ, മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.സംഭവത്തിനു പിന്നാലെ ഡോക്ടര്‍മാര്‍ കൊളത്തൂര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്.
Post Your Comments