കണ്ണൂർ: ഇന്നലെ ദേശീയ പണിമുടക്ക് ദിനത്തില്‍ മറ്റു വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞ യുവതിക്ക് ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. ബുധനാഴ്ച ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി 108 ആംബുലന്‍സിനുള്ളില്‍ പ്രസവിക്കുകയായിരുന്നു. കണ്ണൂര്‍ നെടുംപോയില്‍ പുത്തന്‍പുരയില്‍ വീട്ടില്‍ വൈശാഖിന്റെ ഭാര്യ അമൃത (25) യാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ അമൃതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. പണിമുടക്ക് ദിനത്തില്‍ മറ്റു വാഹനങ്ങള്‍ കിട്ടാതെ എന്ത് ചെയ്യണമെന്ന അവസ്ഥയില്‍ ഫേസ്ബുക്കില്‍ 108 ആംബുലന്‍സില്‍ പ്രസവം നടന്നു എന്ന പോസ്റ്റ് വൈശാഖിന്റെ ഓര്‍മയില്‍ വന്നത്. ഉടന്‍ തന്നെ വൈശാഖ് 108 ആംബുലന്‍സിന്റെ സഹായം തേടുകയായിരുന്നു.
പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സ് ഉടന്‍ സ്ഥലത്തെത്തി. അമൃതയുടെ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് 5.10ന് ആംബുലന്‍സിനുള്ളില്‍ വെച്ച് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഹണിയുടെ പരിചരണത്തില്‍ അമൃത പ്രസവിക്കുകയായിരുന്നു.
അമൃതയ്ക്ക് പ്രഥമ ശുശ്രൂശ നല്‍കിയ ശേഷം ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സമയോചിതമായ പ്രവര്‍ത്തനം നടത്തിയ 108 ആംബുലന്‍സിലെ ടെക്‌നീഷ്യന്‍ ഹണിമോളെയും പൈലറ്റ് ധനേഷിനെയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് 108 ആംബുലന്‍സിനുള്ളിലെ പ്രസവ വിവരം ഫേസ്്ബുക്കിലൂടെ പങ്ക് വച്ചത്.
Post Your Comments