ദുബായ്: 2020 തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങ് പട്ടിക പുറത്തിറങ്ങി.വിരാട് കോഹ്ലി തന്നെയാണ് ഒന്നാമത്. 911 പോയിന്‍റുമായി സ്മിത്താണ് രണ്ടാമത്. എന്നാൽ ഇനി മുതൽ കോഹ്ലിക്ക് മത്സരിക്കേണ്ടി വരുക മറ്റൊരു ഓസീസ് താരവുമായാണ്.
കരിയറിലാദ്യമായി മൂന്നാം റാങ്കിലേക്കു കുതിച്ചകയറിയ മാർനസ് ലബുഷെയ്നാണ് കോലിക്കു ഭാവിയിൽ ഭീഷണി ഉയർത്തുന്ന പുതിയ താരം. 827 പോയിന്റുമായാണ് ലബുഷെയ്ൻ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് സ്വന്തമാക്കിയത്. ലബുഷെയ്ൻ കുതിച്ചുകയറിയപ്പോൾ ന്യൂസിലൻഡിന്‍റെ കെയിൻ വില്യംസൻ (814) നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ന്യൂസീലൻഡ് പരമ്പരയിലെ മികച്ച പ്രകടമാണ് റാങ്കിങ്ങിലെ വൻ കുതിപ്പിന് ലബുഷെയ്നു തുണയായത്. 2019ന്റെ തുടക്കത്തിൽ ടെസ്റ്റിൽ 110–ാം റാങ്കിലായിരുന്നു ലബുഷെയ്ൻ. അവിടെനിന്നാണ് ഒറ്റക്കുതിപ്പിന് മൂന്നാം സ്ഥാനത്തേക്കെത്തിയത്! ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മുൻപ് കളിച്ച അഞ്ചു ടെസ്റ്റുകളിൽനിന്ന് 896 റൺസാണ് ലബുഷെയ്ൻ അടിച്ചെടുത്തത്.
ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ 793 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തിയതോടെ ആദ്യ അഞ്ചിൽ മൂന്ന് ഓസ്ട്രേലിയക്കാരായി. അതേസമയം, ആദ്യ അഞ്ചിലുണ്ടായിരുന്ന ചേതേശ്വർ പുജാര ആറിലേക്കും അജിൻക്യ രഹാനെ ഒൻപതിലേക്കു താഴ്ന്നു.
ബോളർമാരുടെ പട്ടികയിൽ ഓസീസ് പേസർ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനം നിലനിർത്തി. നീൽ വാഗ്‌നർ (852), ജെയ്സൻ ഹോള്‍ഡർ (830), കഗീസോ റബാദ (821), മിച്ചൽ സ്റ്റാർക്ക് (796) എന്നിവരാണ് രണ്ടു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ. 794 പോയിന്റുമായി ആറാമതുള്ള ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ താരങ്ങളിലെ ഒന്നാമൻ.
Post Your Comments