ദില്ലി: യുഎസ് ഉള്‍പ്പെടെ 17 വിദേശ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് ജമ്മു കാശ്മീരിലെത്തി.ശ്രീനഗര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ബദാമി ബാഗില്‍ വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് കരസേന സുരക്ഷാ സാഹചര്യങ്ങള്‍ വിശദീകരിക്കും. സാമൂഹ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്.ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ ഉള്‍പ്പെടെ പതിനാറ് വിദേശ പ്രതിനിധികളും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും ആണ് കാശ്മീരിലെത്തിയത്.
കശ്മീരിന്റെ സ്വയംഭരണാധികാരം പിന്‍വലിക്കുകയും മുന്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ശേഷം സര്‍ക്കാര്‍ സംഘടിപ്പിച്ച നയതന്ത്ര ഉദ്യോഗസ്ഥരുടെ ആദ്യ സന്ദര്‍ശനമാണിത്. സംഘത്തോടൊപ്പം വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണി സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി പ്രതിനിധികള്‍ ചര്‍ച്ച നടത്തി. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.
യുഎസ് സ്ഥാനപതിയെ കൂടാതെ ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ഷിന് ബോങ്-കില്‍, നോര്‍വീജിയന്‍ അംബാസഡര്‍ ഹാന്‍സ് ജേക്കബ് ഫ്രൈഡന്ലന്ഡ്, വിയറ്റ്നാമീസ് അംബാസഡര്‍ ഫാം സാന്‍ ചൗ, അര്‍ജന്റീനിയന്‍ സ്ഥാനപതി ഡാനിയേല്‍ ചുബുരു എന്നിവരും സംഘത്തിലെ പ്രധാന അംഗങ്ങളാണ്. ശ്രീനഗറില്‍ എത്തിയ സംഘം പഞ്ചായത്ത് അംഗങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എന്‍ജിഒകളുടെയും പ്രതിനിധികളെ കണ്ടു. കശ്മീരിലെ ഒരു ‘ബ്ലഡ്ബാത്തിനെ’ കുറിച്ചുള്ള പാകിസ്ഥാന്റെ തെറ്റായ വിവരങ്ങള്‍ തങ്ങള്‍ പൂര്‍ണമായും നിരാകരിക്കുന്നുവെന്നും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ രക്തച്ചൊരിച്ചില്‍ കൂടാതെ കൈകാര്യം ചെയ്തതിനെ ജനങ്ങള്‍ അഭിനന്ദിച്ചതായും ചര്‍ച്ചകള്‍ക്കു ശേഷം പ്രതിനിധികള്‍ പറഞ്ഞു.
ചെറിയ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ജനപ്രതിനിധികള്‍ സമ്മതിച്ചെങ്കിലും സമാധാനം നിലനിര്‍ത്താന്‍ ഇത് ആവശ്യമാണെന്ന് അവര്‍ക്കറിയാമെന്നും വിദേശ പ്രതിനിധികള്‍ വ്യക്തമാക്കി.തീവ്രവാദം പ്രചരിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമവും അതില്‍ അവര്‍ക്ക് നേരിടേണ്ടി വന്നതും അവര്‍ ഉയര്‍ത്തിക്കാട്ടി. കശ്മീരിലെ ജനങ്ങള്‍ പാകിസ്ഥാനോട് ഒരിഞ്ച് പോലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നും അത് അവര്‍ ഉറപ്പു നല്‍കുന്നതായും പ്രതിനിധികള്‍ പറഞ്ഞു. യുഎസ്, വിയറ്റ്നാം, ദക്ഷിണ കൊറിയ, ഉസ്ബക്കിസ്ഥാന്, ഗയാന, ബ്രസില്‍, നൈജീരിയ, നൈഗര്‍, അര്‍ജന്റീന, ഫിലിപ്പീന്‍സ്, നോര്‍വേസ മൊറോക്കോ, മാലീദ്വീപ്, ഫിജി, ടോഗോ, ബംഗ്ലാദേശ്, പെറു എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്.
Post Your Comments