Latest NewsNewsIndia

മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി; രാജ് താക്കറെയും ദേവേന്ദ്ര ഫട്നാവിസും കൂടിക്കാഴ്ച നടത്തി

മുംബൈ: മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി. സംസ്ഥാനത്ത് ബിജെപി സഖ്യം ശക്തി പ്രാപിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ രാജ് താക്കറെയും ദേവേന്ദ്ര ഫട്നാവിസും കൂടിക്കാഴ്ച നടത്തി. ശിവസേനയുമായുള്ള സഖ്യം തകർന്നതിന് ശേഷം ആദ്യമായാണ് നവനിർമാൺ സേനാ തലവൻ രാജ് താക്കറെ- ഫട്നാവിസ് കൂടിക്കാഴ്ച നടക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ട് സൌത്ത് സെൻട്രൽ മുംബൈയിലെ പരേലിൽ വെച്ചായിരുന്നു ഒരു മണിക്കൂർ നീളുന്ന താക്കറെ- ഫട്നാവിസ് കൂടിക്കാഴ്ച. താക്കറെയുടെ സുഹൃത്ത് ഗുരുപ്രസാദ് റെഗെയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം താക്കറെയും ബിജെപി നേതാവ് ആശിഷ് ഷെലാറും തമ്മിൽ ഒന്നിലധികം കൂടിക്കാഴ്ചകൾ നടന്നിരുന്നു. ഇത് ഫട്നാവിസ്- രാജ് താക്കറെ കൂടിക്കാഴ്ചയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന.

മഹാരാഷ്ട്ര നവനിർമാൺ സേന പുതിയ സ്വത്വത്തിലും ആശയത്തിലും ചുവടുറപ്പിക്കുമെന്ന് സൂചന നൽകി ഒരു ദിവസത്തിന് ശേഷമാണ് രാജ് താക്കറെ- ഫട്നാവിസ് കൂടിക്കാഴ്ച എന്നതാണ് നിർണായകമായ കാര്യം. ഇരു പാർട്ടികളും തമ്മിൽ സഖ്യം രൂപീകരിച്ച് മുന്നോട്ടുപോകാനുള്ള സാധ്യതകളും ഇതോടെ ഉയർന്നുവരുന്നുണ്ട്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുവരെ ബിജെപിയുടെ വിമർശകനായിരുന്ന രാജ് താക്കറെയാണ് ഇപ്പോൾ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമൊത്ത് ചർച്ച നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും വിമർശിച്ച് റാലികൾ സംഘടിപ്പിച്ച താക്കറെ സർക്കാരിന്റെ ആഭ്യന്തര, വിദേശ നയങ്ങളെയും കർഷകർക്കുള്ള ക്ഷേമപദ്ധതികളെയും രൂക്ഷമായി വിമർശിച്ചിരുന്നു. കോഹിനൂർ മിൽസ് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് താക്കറെയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.

25 വർഷത്തിലധികം നീണ്ടുനിന്ന ബിജെപി- ശിവസേന സഖ്യം 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പിൽ പിളർന്നതോടെ ബിജെപിക്ക് നഷ്ടമായത് ഏറെക്കാലം ഒപ്പം നിന്ന സഖ്യകക്ഷിയെയാണ്. തുടർന്നാണ് എൻസിപി- കോൺഗ്രസ്, ശിവസേന എന്നീ മൂന്ന് പാർട്ടികൾ ചേർന്ന് സഖ്യം രൂപീകരിച്ച് മഹാരാഷ്ട്രയിൽ പുതിയ ബിജെപിയിതര സർക്കാർ അധികാരത്തിലേറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button