ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും നിയമനം നടത്തുന്നതില്‍ സ്‌ഥാപനങ്ങള്‍ക്ക് പൂര്‍ണാധികാരമില്ലെന്നു സുപ്രീം കോടതി.
അധ്യാപക നിയമനം സര്‍ക്കാര്‍ നിശ്‌ചയിച്ച കമ്മിഷന്‍ നടത്തണമെന്ന പശ്‌ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിയമം ചോദ്യം ചെയ്‌തു മദ്രസകള്‍ നല്‍കിയ ഹര്‍ജിയിലാണു സുപ്രിം കോടതി നിരീക്ഷണം. മദ്രസ അധ്യാപക നിയമനത്തില്‍ സര്‍ക്കാരിന് ഇടപെടാമെന്നും വിധിച്ചു.
സ്വാശ്രയ കോളജ് വിഷയത്തില്‍ ടി.എം.എ. പൈ കേസില്‍ പതിനൊന്നംഗ ബെഞ്ച് വിധിച്ച സുപ്രധാന വിധിയുടെ ചുവടുപിടിച്ചായിരുന്നു രണ്ടംഗ ബെഞ്ചിന്റെ വിധി.
സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും സര്‍ക്കാരിനു നിയന്ത്രണാധികാരമുണ്ടെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു. 2008-ലാണു പശ്‌ചിമ ബംഗാള്‍ ഈ നിയമം പാസാക്കിയത്. ഇതിനെതിരേ നല്‍കിയ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണു മദ്രസകള്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
കേസില്‍ മൂന്നാഴ്‌ചയോളം വാദം കേട്ട ശേഷം ജസ്‌റ്റിസ് അരുണ്‍ മിശ്രയും യു.യു. ലളിതും അടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി. ഭരണഘടനയുടെ 30-ാം അനുചേ്‌ഛദ പ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് നിയമനവും അഡ്‌മിഷനും നടത്താന്‍ അവകാശമുണ്ടെന്നാണു ഹര്‍ജിക്കാര്‍ വാദിച്ചത്. എന്നാല്‍ സ്വാശ്രയക്കേസില്‍ ഉയര്‍ന്ന ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടി അധ്യാപക നിയമനത്തിന് മെറിറ്റിന്റെ കാര്യത്തിലാണു പ്രാമുഖ്യമെന്നും ഇനി മുതല്‍ പശ്‌ചിമ ബംഗാളിലെ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന എല്ലാ മദ്രസകളിലേയും അധ്യാപക നിയമനത്തിന്റെ പൂര്‍ണ ചുമതല സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മിഷനായിരിക്കുമെന്നും കോടതി വ്യക്‌തമാക്കി.
Post Your Comments