തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോളാണ് നടപടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നു എഫ്.ഐ.ആര്‍ സമര്‍പ്പിക്കുമെന്നു സൂചന. നിലവില്‍ മെറ്റല്‍ ഇന്‍ഡസ്‌ട്രീസ് മാനേജിങ് ഡയറക്‌ടറാണു ജേക്കബ് തോമസ്.
അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ വീണ്ടും സസ്‌പെന്‍ഷനിലാകാന്‍ സാധ്യത തെളിഞ്ഞു. താൻ എഴുതിയ ആത്മകഥയില്‍ സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളുടെ പേരിലും തുറമുഖവകുപ്പ് ഡയറക്‌ടറായിരിക്കേ ഡ്രഡ്‌ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും ദീര്‍ഘകാലം സസ്‌പെന്‍ഷനിലായിരുന്ന അദ്ദേഹത്തെ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിപ്രകാരമാണു സര്‍വീസില്‍ തിരിച്ചെടുത്തത്.
ബിനാമി പേരില്‍ സ്വത്ത് സമ്ബാദിച്ചെന്ന പരാതിയിലാണു ജേക്കബ് തോമസിനെതിരേ ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് തെളിഞ്ഞതിനേത്തുടര്‍ന്ന് എഫ്.ഐ.ആര്‍. സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് എസ്.പി എ. റഷീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം തീരുമാനിക്കുകയായിരുന്നു. തെളിവായി നിരവധി രേഖകളും കോടതിയില്‍ സമര്‍പ്പിക്കും.
ALSO READ: കോടതിയിൽ നൽകിയ ഹർജി വൈകുന്നു; വിജയ് മല്യയുടെ നീക്കം പിഴച്ചു; ചീഫ് ജസ്റ്റിസ് പറഞ്ഞത്
അതേസമയം, തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്ററിനെതിരേ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണ കമ്മിഷന്‍ അംഗമായി ജേക്കബ് തോമസിനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കമ്മിഷന്‍ അന്വേഷണം ആരംഭിക്കാനിരിക്കേയാണു ജേക്കബ് തോമസിനെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
Post Your Comments